ആരിക്കാടി പട്ടിക ജാതി-വര്‍ഗ ശ്‌മശാന ഭൂമി: താലൂക്ക്‌ ഓഫീസ്‌ ഫയല്‍ വിഴുങ്ങി

0
8

കുമ്പള: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ ശ്‌മശാനഭൂമിയുടെ സ്‌കെച്ച്‌ താലൂക്ക്‌ ഓഫീസിലെ ഫയല്‍ വിഴുങ്ങി.
ഇതിനെതിരെ ശ്‌മശാന സംരക്ഷണ സമിതി പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷണര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു ശ്‌മശാന ഭൂമി പഞ്ചായത്ത്‌ ആസ്‌തിയില്‍ ചേര്‍ക്കാന്‍ ഉത്തരവുണ്ടായെങ്കിലും, പഞ്ചായത്തധികൃതര്‍ ഫയലില്‍ തലവച്ചുറങ്ങുകയാണെന്ന്‌ ആരിക്കാടി ഒഡ്ഡിനബാഗിലു-ഹിന്ദുപരിശിഷ്‌ടജാതി-വര്‍ഗ രുദ്രഭൂമി സംരക്ഷണ സമിതി ആരോപിച്ചു.
1988ല്‍ കാസര്‍കോട്‌ തഹസില്‍ദാര്‍ നല്‍കിയ സ്‌കെച്ചില്‍ ആരിക്കാടി ഗ്രാമത്തിലെ സര്‍വെ നമ്പര്‍ 133ല്‍പ്പെട്ട 85 സെന്റ്‌ സ്ഥലം പട്ടികജാതി-പട്ടികവര്‍ഗ ശ്‌മശാനമാണെന്നു രേഖപ്പെടുത്തിയിരുന്നു. പ്രസ്‌തുത സ്ഥലത്തിന്റെ സ്‌കെച്ചും തഹസില്‍ദാര്‍ നല്‍കിയിരുന്നതായി ശ്‌മശാന ഭൂമി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോഴത്തെ താലൂക്കധികൃതര്‍ അതു ശ്‌മശാന ഭൂമിയല്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നു. അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.നാലു തലമുറകള്‍ക്കു മുമ്പു മുതല്‍ ഈ പ്രദേശത്തെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ശ്‌മശാനഭൂമിയായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്‌.1961ല്‍ ശ്‌മശാനഭൂമിയെന്നു പഞ്ചായത്തധികൃതര്‍ അവിടെ ബോഡു സ്ഥാപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതേ വിഭാഗക്കാരന്‍ പഞ്ചായത്തു പ്രസിഡന്റായിരിക്കെ ഈ സ്ഥലം പഞ്ചായത്ത്‌ ആസ്‌തിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്‌ ഇപ്പോള്‍ പറയുന്നതെന്നു ശ്‌മശാന സംരക്ഷണ സമിതി ആരോപിച്ചു. നേരത്തെ ശ്‌മശാനത്തിനു ചുറ്റും തരിശു സ്ഥലമായിരുന്നു. ഇപ്പോഴവിടെ വീടുകളും ക്വാര്‍ട്ടേഴ്‌സുകളും കെട്ടിപ്പൊക്കുകയും ഒരു സ്വകാര്യ വ്യക്തി മുന്നിട്ടു നിന്നു ശ്‌മശാനത്തിനു നടുവിലൂടെ റോഡുണ്ടാക്കിയിരിക്കുകയാണെന്നും സമിതി ആരോപിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള സ്ഥലം ഇല്ലാതാക്കുന്നതിനു പഞ്ചായത്തും സര്‍ക്കാരും കൂട്ടുനില്‍ക്കരുതെന്നു സമിതി അധികൃതരോടാവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY