പഞ്ചായത്തിന്റെ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്ഡില്‍ ഭരണപ്പാര്‍ട്ടിക്കാരന്റെ ചായക്കച്ചവടം

0
17

ബദിയഡുക്ക:പഞ്ചായത്തിന്റെ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ ഭരണകക്ഷി നേതാവ്‌ ചായക്കടയാക്കി വാടകയ്‌ക്കു കൊടുത്തു.
ബദിയഡുക്ക പഞ്ചായത്തിലാണ്‌ പാര്‍ട്ടിക്കാരനു ഭരണ നേട്ടം ഉണ്ടാക്കിക്കൊടുത്തതെന്നു നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച്‌ ആരും പരാതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടു നടപടിയൊന്നുമെടുത്തിട്ടില്ലെന്നും മരാമത്ത്‌ അധികൃതര്‍ അറിയിച്ചു.
ബദിയഡുക്ക പഞ്ചായത്തിലെ ചര്‍ളടുക്കയില്‍ 25 വര്‍ഷം മുമ്പു സ്ഥാപിച്ച ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ അപകടനിലയിലായതിനെത്തുടര്‍ന്നു രണ്ടുവര്‍ഷം മുമ്പു മറ്റൊരു ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ അതിനടുത്തു സ്ഥാപിച്ചിരുന്നു. ഇതോടെയാണ്‌ അപകട നിലയിലായ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ കരാറുകാരന്‍ കൂടിയായ ഭരണകക്ഷി അംഗം മോടിപ്പിടിക്കുകയും അതിനു ചുറ്റും വിസ്‌തൃതമായ ഷെഡ്‌ സ്ഥാപിക്കുകയും ചെയ്‌ത ശേഷം ചായക്കച്ചവടത്തിനു വാടകക്കു കൊടുത്തതെന്നു പറയുന്നു. 350 രൂപ ദിവസവാടകയ്‌ക്കു പുറമെ ചായക്കച്ചവടത്തില്‍ പാര്‍ട്‌ണര്‍ ഷിപ്പുമാണ്‌ കരാറുകാരനുണ്ടായിരുന്നതെന്നാണ്‌ സംസാരം.
കോവിഡ്‌ വരെ വലിയ തോതില്‍ കച്ചവടം പുരോഗമിക്കുകയായിരുന്നു. കോവിഡ്‌ ആയതോടെ വാടക കുറയ്‌ക്കണമെന്നു ഹോട്ടല്‍ നടത്തിയിരുന്നവര്‍ ആവശ്യപ്പെട്ടെങ്കിലും അതു നിഷേധിച്ചതിനെത്തുടര്‍ന്ന്‌ അവര്‍ കച്ചവടം ഉപേക്ഷിച്ചു. ഇതിനെത്തുടര്‍ന്നു മറ്റൊരാള്‍ പുതുതായി കച്ചവടമാരംഭിച്ചിട്ടുണ്ട്‌.
പഞ്ചായത്തിന്റെ പണം കൊണ്ടു പൊതു ആവശ്യത്തിനു കെട്ടിയ സ്ഥാപനം സ്വകാര്യ വ്യക്തി ചായക്കടയാക്കിയതു ഭരണ സ്വാധീനമുപയോഗിച്ചാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്തും മരാമത്തും സ്വീകരിക്കുന്ന നിസംഗതയെ ജനങ്ങള്‍ പരിഹസിക്കുന്നു.

NO COMMENTS

LEAVE A REPLY