ജില്ലാ ആശുപത്രി വ്യാഴാഴ്‌ച മുതല്‍ കോവിഡ്‌ ആശുപത്രി

0
8

കാസര്‍കോട്‌: ജനപ്രതിനിധികളും രാഷ്‌ട്രീയ- സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും ശക്തമായി പ്രതിഷേധിച്ചുകൊണ്ടിരിക്കെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി ഒക്‌ടോബര്‍ ഒന്നു മുതല്‍ കോവിഡ്‌ രോഗികള്‍ക്ക്‌ മാത്രമുള്ള ചികിത്സാ കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ തീരുമാനം അറിയിച്ചത്‌.അത്യാഹിത നിലയിലുള്ള കോവിഡ്‌ രോഗികള്‍ക്കായി നൂറ്‌ കിടക്കകളുള്ള വാര്‍ഡ്‌ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിക്കും. അഞ്ച്‌ വെന്റിലേറ്ററുകളാണ്‌ ഇവിടെ ഒരുക്കുന്നത്‌. കോവിഡ്‌ ബാധിച്ച ഗര്‍ഭിണികള്‍ക്കും ഇവിടെ ചികിത്സാ സൗകര്യം ഒരുക്കും. ജില്ലാ ആശുപത്രി കോവിഡ്‌ ചികിത്സാ കേന്ദ്രമാകുന്നതോടെ സാധാരണക്കാരായ മറ്റ്‌ രോഗികള്‍ ദുരിതത്തിലാകും. ജില്ലാ ആശുപത്രിയില്‍ നല്‍കിവരുന്ന ചികിത്സാ സൗകര്യം സമീപ പ്രദേശത്തുള്ള ആശുപത്രികളിലൊന്നുമില്ലെന്നിരിക്കേ, സാധാരണക്കാരന്‌ രോഗം വന്നാല്‍ ഇനി സ്വകാര്യാശുപത്രിയെ ആശ്രയിക്കലേ നിവൃത്തിയുള്ളൂ. ദിനം പ്രതി മലയോര മേഖലകളില്‍ നിന്ന്‌ ഉള്‍പ്പെടെ നിരവധി സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആതുര ശുശ്രൂഷാ കേന്ദ്രമാണിത്‌. സാധാരണക്കാരുടെ ചികിത്സ മുട്ടിച്ച്‌ ജില്ലാ ആശുപത്രി കോവിഡ്‌ ചികിത്സാ കേന്ദ്രമാക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ജില്ലയിലെ ജനപ്രതിനിധികളും രാഷ്‌ട്രീയ- സാംസ്‌ക്കാരിക സംഘടനകളും മറ്റും ഇതിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെല്ലാം സര്‍ക്കാര്‍ അവഗണിച്ചു. കോവിഡ്‌ പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ്‌ നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ സാധാരണക്കാതെ ബുദ്ധിമുട്ടിച്ചു കൊണ്ട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ മാറ്റുന്നതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.
അതേസമയം കോവിഡ്‌ പശ്ചാത്തലത്തില്‍ ടാറ്റാഗ്രൂപ്പ്‌ നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയത്‌. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ്‌ കാസര്‍കോട്ട്‌ ഉള്ളത്‌. അതിനാല്‍ പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയെ കോവിഡ്‌ ആശുപത്രിയായി മാറ്റുന്നതോടെ നിലവില്‍ ജില്ലാ ആശുപത്രിയില്‍ നിന്ന്‌ കിട്ടുന്ന സൗകര്യങ്ങള്‍ നീലേശ്വരം താലൂക്ക്‌ ആശുപത്രി, പെരിയ സി എച്ച്‌ സി, ആനന്ദാശ്രമം പി എച്ച്‌ സി എന്നിവിടങ്ങളിലേക്ക്‌ മാറ്റുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY