ബാലസുബ്രഹ്മണ്യത്തിന്‌ യാത്രാമൊഴി…

0
8

ചെന്നൈ: പ്രശസ്‌ത ഗായകനും നിത്യഹരിത ഗാനങ്ങളുടെ ശില്‍പ്പിയുമായ എസ്‌ പി ബാലസുബ്രഹ്മണ്യ(74)ത്തിന്‌ വിട. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ റെഡ്‌ ഹില്‍സ്‌ ഫാം ഹൗസില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.
ഭൗതിക ശരീരം നുങ്കമ്പാക്കത്തെ വസതിയില്‍ നിന്ന്‌ രാത്രിയോടെ റെഡ്‌ ഹില്‍സ്‌ ഫാംഹൗസില്‍ എത്തിച്ചിരുന്നു. ഇവിടെ പൊതുദര്‍ശനത്തിന്‌ വെച്ച ഭൗതിക ശരീരത്തില്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ നൂറ്‌ കണക്കിന്‌ ആളുകളാണ്‌ എത്തിയത്‌. കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ച്‌ നിയന്ത്രണങ്ങളോടെയാണ്‌ ആളുകളെ പ്രവേശിപ്പിച്ചത്‌.കഴിഞ്ഞ മാസം അഞ്ചിനാണ്‌ ബാലസുബ്രഹ്മണ്യത്തെ കോവിഡ്‌ ബാധിച്ച്‌ ചെന്നൈ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഈ മാസം ഏഴിന്‌ കോവിഡ്‌ മുക്തനായെങ്കിലും പ്രമേഹവും ശ്വസന തകരാറും ആരോഗ്യ നില കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇന്നലെ ഉച്ചക്കാണ്‌ അന്ത്യം സംഭവിച്ചത്‌.നിര്‍മ്മലമായ മന്ദഹാസവും സ്വര്‍ഗ്ഗീയ സ്വരവും വരം കിട്ടിയ ആലാപന ശൈലിയുമായി പതിനായിരക്കണക്കിന്‌ ചലച്ചിത്ര ഗാനങ്ങളിലൂടെ തലമുറകളെ സംഗീത ഹൃദയത്തിലേക്ക്‌ ചേര്‍ത്തണച്ച മഹാഗായകനാണ്‌ എസ്‌ പി ബാലസുബ്രഹ്മണ്യം.മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നഡ, തുളു, ഒറിയ, അസമീസ്‌, പഞ്ചാബി ഉള്‍പ്പെടെ പതിനാറ്‌ ഇന്ത്യന്‍ ഭാഷകളില്‍ നാല്‍പ്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ്‌, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. പത്മശ്രീ, പത്‌മഭൂഷണ്‍ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ പിന്നണി ഗാനങ്ങള്‍ പാടിയ ഗായകനെന്ന ഗിന്നസ്‌ റെക്കോഡും ബാലസുബ്രഹ്‌ണ്യത്തിന്റെ പേരിലാണുള്ളത്‌.

NO COMMENTS

LEAVE A REPLY