അധ്വാനത്തിന്റെ ഹരിത ശോഭയുമായി പ്രാക്‌ടിക്കല്‍ അക്കൗണ്ടിംഗ്‌ അധ്യാപകന്‍

0
14

കുമ്പള: സ്വകാര്യ മേഖലയിലെ പ്രാക്‌ടിക്കല്‍ അക്കൗണ്ടിംഗ്‌ അധ്യാപകന്‍ ജീവിതത്തിലും പ്രാക്‌ടിക്കലായതോടെ തരിശായിക്കിടന്ന വീട്ടുപരിസരം ഹരിതാഭമായി. കോവിഡ്‌ സമൂഹത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ക്ക്‌ അധ്യാപകന്റെ അധ്വാനവും മനോഭാവവവും മാതൃകയാവുകയും ചെയ്യുന്നു.
കോവിഡ്‌ ആരംഭത്തോടെ അധ്യാപനം തടസ്സമായതോടെയാണ്‌ അധ്വാന ശേഷി തനിക്കും സമൂഹത്തിനും എങ്ങനെ ഗുണകരമാക്കാമെന്ന ചിന്ത അഹമ്മദ്‌ മൂസ പേരൂരിനെ അസ്വസ്ഥനാക്കിയത്‌. തുടര്‍ന്നു കാടുപിടിച്ചു തരിശായിക്കിടന്ന വീട്ടുപറമ്പ്‌ സ്വയം കിളച്ചിളക്കി അതിരുകള്‍ ഉണ്ടാക്കുകയും പിന്നീടതില്‍ കിണര്‍ കുഴിക്കുകയും തെങ്ങും കവുങ്ങും വാഴയും പച്ചക്കറികളും നട്ടുപിടിപ്പിക്കുകയുമായിരുന്നു.
മാവും പ്ലാവും പപ്പായയും തെങ്ങും കവുങ്ങും വാഴയും പച്ചക്കറികളും പച്ചപടര്‍ത്തി ആരോഗ്യത്തോടെ വളരുന്നതിനനുസരിച്ചു അഹമ്മദ്‌ മൂസയുടെ മനസ്സും സന്തോഷം കൊണ്ടു മതിമറന്നു. നാട്ടുകാര്‍ക്കും പച്ചപ്പിന്റെ കുളിര്‍മ്മ വിസ്‌മയമാവുന്നു.
കൃഷിയില്‍ ഭാര്യ റുബീനയും മക്കളായ റുഫൈദയും ആയിഷയും ഖദീജയും ഇദ്ദേഹത്തെ സഹായിക്കുന്നു. കൃഷിക്കു പുറമെ പറമ്പില്‍ ഇദ്ദേഹം മഴക്കുഴികളും കുഴല്‍ക്കിണര്‍ റീചാര്‍ജിംഗ്‌ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വീട്ടുമുറ്റം കോണ്‍ക്രീറ്റ്‌ ചെയ്‌തു വൃത്തിയാക്കുകയും ചെയ്‌തു. വീട്ടില്‍ സ്വന്തമായി പുകയില്ലാത്ത അടുപ്പും സ്ഥാപിച്ചു. വീട്ടിലെ പ്ലമ്പിംഗ്‌ ജോലികളും സ്വയം ചെയ്‌തു. ഇതിനു പുറമെ വീട്ടുമുറ്റത്തു പക്ഷിക്കൂടും സ്ഥാപിച്ചു. ഇതോടൊപ്പം സേവന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനാവുന്നു.

NO COMMENTS

LEAVE A REPLY