റംസീനയുടെ മരണം: വിശദ അന്വേഷണം ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ പരാതി നല്‍കി

0
24

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശിനിയായ ഭര്‍തൃമതി ഭര്‍തൃ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ പരാതി നല്‍കി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ജില്ലാ പൊലീസ്‌ ചീഫ്‌, കാഞ്ഞങ്ങാട്‌ ഡി വൈ എസ്‌ പി, ജില്ലാ കലക്‌ടര്‍ എന്നിവര്‍ക്കാണ്‌ പരാതി നല്‍കിയത്‌.പുല്ലൂര്‍, ഉദയ നഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീനയെ ഈ മാസം 17ന്‌ ആണ്‌ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ഭര്‍തൃ വീട്ടുകാരുടെ കടുത്ത പീഡനമാണ്‌ ആത്മഹത്യയ്‌ക്ക്‌ ഇടയാക്കിയതെന്ന്‌ അന്നു തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നുവെങ്കിലും ആത്‌ മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ്‌ മാതൃസഹോദരന്‍ മുഹമ്മദ്‌ കുഞ്ഞിയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്‌.
2014 ല്‍ ആണ്‌ റംസീനയും ഷുക്കൂറും തമ്മിലുള്ള വിവാഹം നടന്നത്‌. കല്യാണ സമയത്ത്‌ 34 പവന്‍ സ്വര്‍ണ്ണവും രണ്ട്‌ ലക്ഷം രൂപയും നല്‍കിയിരുന്നു. തരാമെന്ന്‌ പറഞ്ഞിരുന്ന 35 പവനില്‍ ഒരു പവന്‍ കൊടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ റംസീനയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നേരത്തെ പരാതി നല്‍കിയിരുന്നു. മരണപ്പെടുന്നതിന്‌ മുമ്പ്‌ താന്‍ അനുഭവിക്കുന്ന പീഡനത്തെ കുറിച്ച്‌ റംസീന വീട്ടുകാരോട്‌ വിശദമായി പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ പാടുകള്‍ തെളിയിക്കുന്ന ഫോട്ടോകളും അയച്ചിരുന്നുവെന്ന്‌ പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY