മന്ത്രി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു

0
13

തിരു: നയതന്ത്ര ബാഗിന്റെ മറവില്‍ കോടികളുടെ സ്വര്‍ണ്ണം കള്ളക്കടത്ത്‌ നടത്തിയ കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു. നോട്ടീസ്‌ നല്‍കി കൊച്ചി ഓഫീസിലേയ്‌ക്ക്‌ വിളിച്ചു വരുത്തിയാണ്‌ ചോദ്യം ചെയ്യല്‍ നടത്തുന്നത്‌. രാത്രിയിലോ, ഓണ്‍ലൈനിലോ ചോദ്യം ചെയ്യലിനു വിധേയനാകാമെന്നാണ്‌ ജലീല്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ ഇതു തള്ളിയതോടെ തിരുവനന്തപുരത്ത്‌ നിന്നു ഇന്നലെ രാത്രിയാണ്‌ മന്ത്രി കൊച്ചിയിലേയ്‌ക്ക്‌ യാത്ര തിരിച്ചത്‌. കളമശ്ശേരി റസ്റ്റ്‌ ഹൗസ്‌ വരെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌ത മന്ത്രി അവിടെ നിന്നും സി പി എം നേതാവും മുന്‍ എം എല്‍ യുമായ എം എ യൂസഫിന്റെ കാറിലാണ്‌ കൊച്ചിയിലേയ്‌ക്കു യാത്ര ചെയ്‌തത്‌. ആറുമണിയോടെ എന്‍ ഐ എ ഓഫീസിലെത്തിയ അദ്ദേഹം ഏറെ നേരം എന്‍ ഐ എ ഉദ്യോഗസ്ഥരെ കാത്തു നിന്നു.
ഇതിനിടയില്‍ തന്റെ നിലപാട്‌ അറിയിച്ചുകൊണ്ട്‌ ഒരു മാധ്യമത്തിനു വാട്‌സ്‌ ആപ്പ്‌ സന്ദേശം അയക്കുകയും ചെയ്‌തു. തനിക്കെതിരെ ലീഗ്‌ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ വിശുദ്ധ ഗ്രന്ഥം തൊട്ട്‌ സത്യം ചെയ്യാന്‍ ലീഗ്‌ തയ്യാറുണ്ടോ? ആരോപണത്തില്‍ ആരും വേവലാതിപ്പെടേണ്ടതില്ല. സത്യംസത്യമായി തന്നെ പുറത്തു വരും”- സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
അതേസമയം എന്‍ഫോഴ്‌സ്‌ മെന്റ്‌ ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിനു പിന്നാലെ എന്‍ ഐ എയും ചോദ്യം ചെയ്‌ത സാഹചര്യത്തില്‍ മന്ത്രി ജലീല്‍ രാജി വയ്‌ക്കണമെന്ന്‌ യു ഡി എഫും ബി ജെ പിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിസഭയും രാജിവച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന്‌ കെ പി സി സി പ്രസി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വിശുദ്ധഗ്രന്ഥം തീരുമാനിക്കാന്‍ ഇതൊരു മതരാജ്യമല്ലെന്നും ഭരണ ഘടനയാണ്‌ അടിസ്ഥാന തത്വമെന്നും കെ പി സി സി വൈസ്‌ പ്രസിഡണ്ട്‌ പി സി വിഷ്‌ണുനാഥ്‌ പറഞ്ഞു.
വര്‍ഗ്ഗീയത ഇളക്കിവിട്ട്‌ വിഷയത്തിന്റെ ശ്രദ്ധതിരിക്കാനാണ്‌ ശ്രമമെന്നു ഇ ടി മുഹമ്മദ്‌ ബഷീറും മന്ത്രി തലയില്‍ മുണ്ടിട്ട്‌ പോകുന്നത്‌ എന്തിനാണെന്നു കെ പി എ മജീദും ചോദിച്ചു.നിലവിലെ ചോദ്യം ചെയ്യലില്‍ അസാധാരണമായി ഒന്നും ഇല്ലെന്നു ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. ചോദ്യം ചെയ്യലിന്റെ പേരിലല്ല, കേസ്‌ വന്നാലും മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നു സി പി എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദനും പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY