പിടികിട്ടാപ്പുള്ളികളടക്കം 133 വാറന്റുപ്രതികള്‍; മഞ്ചേശ്വരത്ത്‌ പൊലീസിന്റെ മിന്നല്‍ റെയ്‌ഡ്‌

0
15

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ വിലസി നടക്കുന്ന കഞ്ചാവ്‌ -ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനു പൊലീസ്‌ ശക്തമായ നടപടി തുടങ്ങി. ജില്ലാ പൊലീസ്‌ മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശ പ്രകാരം ഡി വൈ എസ്‌ പി ബാലകൃഷ്‌ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടര്‍ ഇ അനൂപ്‌ കുമാര്‍, എസ്‌ ഐ രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വ്യാപകമായി റെയ്‌ഡ്‌ നടന്നു. മിയാപദവ്‌, കന്യാല, ബെള്ളൂര്‍, ബജംഗള എന്നിവിടങ്ങളിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. തിരച്ചിലിനിടയില്‍ മാഫിയാ സംഘങ്ങളില്‍ നിന്നു തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന്‌ സര്‍വ്വ സന്നാഹങ്ങളുമായാണ്‌ പൊലീസ്‌ സംഘം എത്തിയത്‌.
കഞ്ചാവ്‌ മണം പിടിച്ചു കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ക്രിസ്റ്റീന എന്ന പൊലീസ്‌ നായയും പരിശോധനയില്‍ പങ്കെടുത്തു. റെയ്‌ഡ്‌ വരും ദിവസങ്ങളിലും തുടരുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.പൊലീസ്‌ മിന്നല്‍ റെയ്‌ഡിനു എത്തിയ വിവരമറിഞ്ഞ്‌ കേസുകളില്‍ പ്രതികളായ നിരവധി പേര്‍ സംഘം വിട്ടതായും പൊലീസിനു സൂചന ലഭിച്ചു. കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരടക്കമുള്ള 133 വാറന്റ്‌ പ്രതികളും കഞ്ചാവ്‌, വധശ്രമം തുടങ്ങിയ കേസുകളിലെ 20 പ്രതികളുമാണ്‌ മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിയുന്നത്‌.

NO COMMENTS

LEAVE A REPLY