പയ്യന്നൂരില്‍ വീണ്ടും സി പി എം അക്രമം; രാജീവ്‌ഗാന്ധി സ്‌തൂപം ഇടിച്ചു നിരത്തി

0
6

പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോത്ത്‌ രാജീവ്‌ഗാന്ധി സ്‌മാരക സ്‌തൂപം തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ്‌ സംഭവം. കോറോം നോര്‍ത്തില്‍ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി നിര്‍മ്മിച്ച സ്‌തൂപമാണ്‌ പൂര്‍ണ്ണമായും ഇടിച്ച്‌ തകര്‍ത്തത്‌. 28 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിച്ച സ്‌മാരക സ്‌തൂപമാണിത്‌. സി പി എം-ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു. തിരുവനന്തപുരം വെഞ്ഞാറംമൂട്‌ ഇരട്ടക്കൊലപാതകത്തിന്‌ പിന്നാലെ പയ്യന്നൂരും പരിസരത്തും കോണ്‍ഗ്രസ്‌ ഓഫീസുകള്‍ക്കും സ്‌തൂപങ്ങള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നലെ രാത്രി സ്‌തൂപവും ഇടിച്ചു തകര്‍ത്തതെന്ന്‌ പറയുന്നു.
നേരത്തെയും കോറോം നോര്‍ത്തില്‍ സി പി എം അക്രമം നടന്നിരുന്നു. കോണ്‍ഗ്രസിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന്‌ പറയുന്നു.
സി പി എമ്മിന്റെ ശക്തി കേന്ദ്രമാണ്‌ കോറോം വില്ലേജ്‌. ഇവിടെ കോണ്‍ഗ്രസിന്‌ സ്വാധീനമുള്ള പ്രദേശമാണ്‌ കോറോം നോര്‍ത്ത്‌. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും, സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചു വിടാനുമാണ്‌ ഇത്തരത്തിലുള്ള അക്രമം നടത്തുന്നതെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ പരാതി. ഒരാഴ്‌ച്ച മുമ്പാണ്‌ പയ്യന്നൂരിലെ കോണ്‍ഗ്രസ്‌ ഓഫീസായ കെ പി സജിത്‌ലാല്‍ സ്‌മാരക മന്ദിരം സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തത്‌.

NO COMMENTS

LEAVE A REPLY