മൂന്നാറില്‍ മല ഇടിഞ്ഞ്‌ വന്‍ ദുരന്തം

0
206


ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന്‌ മൂന്നാര്‍, രാജമലയ്‌ക്കു സമീപത്തെപ്പെട്ടിമലയില്‍ മലയിടിഞ്ഞു അഞ്ചുപേര്‍ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. 70ല്‍ അധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ്‌ മലയിടിഞ്ഞ്‌ തേയില തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കു മുകളിലേയ്‌ക്ക്‌ പതിച്ചത്‌. പത്തു കുടുംബങ്ങള്‍ വീതം താമസിക്കുന്ന നാലു ലയങ്ങള്‍ മണ്ണിനടിയിലാണെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്‌.
വിവരമറിഞ്ഞ്‌ ദേശീയ ദുരന്തനിവാരണ സേനയും പൊലീസും വനപാലകരും, ഫയര്‍ഫോഴ്‌സും സ്ഥലത്തേയ്‌ക്കു തിരിച്ചിട്ടുണ്ട്‌. ഇതിനിടയില്‍ രാജമലയില്‍ എളുപ്പത്തില്‍ എത്താനുള്ള വഴിയിലെ പെരിയവരപാലം തകര്‍ന്നത്‌ യാത്ര ദുഷ്‌കരമാക്കി. ഈ പാലം പിന്നീട്‌ അറ്റകുറ്റപ്പണി നടത്തി തല്‍ക്കാലത്തേയ്‌ക്ക്‌ ശരിയാക്കിയെങ്കിലും ഗുണം ഉണ്ടായില്ല.ദുരന്തവിവരം അറിഞ്ഞ്‌ വനപാലകരാണ്‌ രാജമലയിലെ ദുരന്ത ഭൂമിയില്‍ ആദ്യം എത്തിയത്‌. ഇവര്‍ നടത്തിയ തെരച്ചിലില്‍ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.രക്ഷാ പ്രവര്‍ത്തനത്തിനു യന്ത്ര സാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമം ഉച്ചവരെയും ലക്ഷ്യം കണ്ടില്ല.കനത്ത മഴ കാരണം നാലു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്‌. ഇതു കാരണം വാര്‍ത്താ വിനിമയ ബന്ധം താറുമാറായി.ദുരന്തത്തില്‍പ്പെട്ടവരെ ഹെലികോപ്‌റ്റര്‍ മാര്‍ഗ്ഗം രക്ഷിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്‌.അതേ സമയം ഇടുക്കി ജില്ലയില്‍ രണ്ടു ദിവസത്തേയ്‌ക്ക്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ശബരിമല വനത്തിനകത്ത്‌ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. ഇതു കാരണം വിവിധ പുഴകളില്‍ വെള്ളം കയറി തുടങ്ങി. ആലുവയില്‍ ക്ഷേത്രത്തിനകത്തു വെള്ളം കയറി. കനത്ത മഴ തുടര്‍ന്നാല്‍ വലിയ വെള്ളപ്പൊക്കത്തിനു ഇടയാക്കുമെന്നു ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപം കൊണ്ടതിനാല്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക്‌ ഇടയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. വയനാട്ടിലും നിലമ്പൂരിലും പുഴകള്‍ കര കവിഞ്ഞു. വ്യാപകമായി ഉരുള്‍പ്പൊട്ടലുമുണ്ടായി.

NO COMMENTS

LEAVE A REPLY