കാസര്‍കോട്: ബലിപെരുന്നാള്‍ നാടെങ്ങും ത്യാഗ സ്മരണകളോടെ ആഘോഷിച്ചു.കോവിഡ് മഹാമാരിയെത്തുടര്‍ന്നു ചടങ്ങു മാത്രമായിരുന്നു പള്ളികളില്‍ ആഘോഷം. ഹജ്ജ് കര്‍മ്മംപോലും ചരിത്രത്തിലാദ്യമായി ചടങ്ങുകളിലൊതുക്കിയ സാഹചര്യത്തില്‍ കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരുന്നു ജില്ലയില്‍ പള്ളികളില്‍ ആഘോഷം. ബഹുഭൂരിപക്ഷം വിശ്വാസികളും വീടുകളില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ആശംസകളും ഹസ്തദാനങ്ങളും ഇത്തവണ ആഘോഷചടങ്ങുകളില്‍ നിന്നു മാറ്റി വച്ചു. പള്ളികളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഉദ്ബോധനങ്ങള്‍ പകര്‍ന്നു. വിശ്വാസികള്‍ പ്രാര്ത്ഥനാഭരിതരാകണം. ഏതു മഹാമാരിയെയും നിര്‍വീര്യമാക്കാനുള്ള ശക്തിയാണ് പ്രാര്‍ത്ഥനകളെന്നു ആഘോഷങ്ങള്‍ ഉദ്ബോധിപ്പിച്ചു.