മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കരനെ മാറ്റി

0
6

തിരു: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി 15 കോടി രൂപയുടെ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയ കേസില്‍ ഒളിവില്‍ പോയ ഐ ടി വകുപ്പ്‌ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം ഉണ്ടെന്ന ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ മാറ്റി. അതേസമയം അദ്ദേഹം ഐ ടി സെക്രട്ടറി സ്ഥാനത്തു തുടരുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ സ്‌പ്രിംഗ്‌ളര്‍ കരാറുണ്ടാക്കി വിവാദ പുരുഷനായ ആളാണ്‌ എം ശിവശങ്കരന്‍. അന്നു പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെയെല്ലാം തള്ളി ഇദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിച്ചു വരികയായിരുന്നു. പ്രസ്‌തുതവാദം കെട്ടടങ്ങി തൊട്ടുപിന്നാലെയാണ്‌ സ്വര്‍ണ്ണക്കള്ളക്കടത്ത്‌ വിവാദം ഉയര്‍ന്നത്‌. ക്രിമിനല്‍ കേസുള്ള സ്വപ്‌നസുരേഷിനു എങ്ങിനെയാണ്‌ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ ടി വകുപ്പില്‍ നിയമനം നല്‍കിയെന്നത്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാന്‍ തീരുമാനിച്ചത്‌.പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മുന്‍ കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ മിര്‍ മുഹമ്മദ്‌ അലിയെ നിയമിച്ചു.
അതേസമയം നയതന്ത്ര ചാനല്‍വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. കേസിലെ മുഖ്യ സൂത്രധാരകയായ സ്വപ്‌ന സുരേഷ്‌ ഒളിവില്‍ പോയി. ഇവരെ കണ്ടെത്താന്‍ കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചു.
ഇതിനിടയില്‍ ഒളിവില്‍പോയ സ്വപ്‌നാ സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ്‌ പരിശോധന നടത്തി. എന്നാല്‍ പരിശോധന സംബന്ധിച്ച സൂചനകളൊന്നും പുറത്തു വിട്ടിട്ടില്ല.സ്വര്‍ണ്ണക്കടത്ത്‌ സംഭവം ദേശീയ തലത്തില്‍ കൂടി ചര്‍ച്ചയായതോടെ സി പി എം നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു. കുറ്റക്കാര്‍ ആരായാലും അവരെ സംരക്ഷിക്കില്ലെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY