ഏത്തടുക്ക-പള്ളത്തടുക്ക റോഡ്‌ 15 ഇടത്ത്‌ മണ്ണിട്ടു മൂടി; നാട്ടുകാര്‍ പ്രതിഷേധത്തില്‍

0
7

ബദിയഡുക്ക: മരാമത്തുകാര്‍ക്കു കരാറുകാരെ മാത്രമല്ല, കൈയ്യൂക്കുള്ള സ്വകാര്യ വ്യക്തികളെയും പേടിയാണെന്ന്‌ ഏത്തടുക്ക-പള്ളത്തടുക്ക നിവാസികള്‍ പറയുന്നു.
ഏത്തടുക്ക-പള്ളത്തടുക്ക റോഡിന്റെ ഓവുചാല്‍ പതിനഞ്ചിടത്തു വ്യക്തികള്‍ മണ്ണിട്ടു നിരത്തി വീടുകളിലേക്കു റോഡുണ്ടാക്കിയതിനെത്തുടര്‍ന്നു മഴവെള്ളം റോഡില്‍ ഒഴുകുകയാണ്‌. വന്‍തുക ചെലവഴിച്ചുണ്ടാക്കിയ റോഡ്‌ ഇതുമൂലം തകര്‍ച്ച നേരിടുന്നു. തകരുന്ന റോഡിലെ കുഴികളില്‍ വീണ്‌ അടുത്ത ദിവസങ്ങളില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റതായി പരാതിയുണ്ട്‌.
കോറിക്കാര, ചാളക്കോട്‌, വളകുഞ്ച എന്നിവിടങ്ങളിലാണ്‌ ഓവുചാല്‍ മണ്ണിട്ടു മൂടി റോഡുണ്ടാക്കിയിട്ടുള്ളത്‌.
റോഡില്‍ നിന്നു വീടുകളിലേക്കു വഴി ഉണ്ടാക്കുന്നവര്‍ ഓവുചാലുകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം. വഴി ഉണ്ടാക്കേണ്ടതെന്നു വ്യവസ്ഥയുണ്ട്‌. അത്തരം വ്യവസ്ഥകള്‍ ലംഘിച്ചു പൊതുമുതലിനു നഷ്‌ടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നു നഷ്‌ടപരിഹാരം ഈടാക്കുകയും നിയമലംഘനത്തിനു ശിഷ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്‌.
അധികൃത ഭാഗത്തു നിന്ന്‌ അത്തരം നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നു നാട്ടുകാര്‍ രേഖാമൂലം മരാമത്ത്‌ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടിയില്ലാത്തതിനാല്‍ വകുപ്പു മന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ടെന്നു പറയുന്നു.
പൊതു മുതല്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ നിയമ ലംഘകര്‍ക്കു ചൂട്ടുപിടിക്കുകയാണെന്നു നാട്ടുകാര്‍ അപലപിച്ചു.

NO COMMENTS

LEAVE A REPLY