റോഡിനു വീതി കൂട്ടാന്‍ ഓവുചാല്‍ മൂടി; മഴവെള്ളം റോഡിനടുത്ത വീടുകളിലേക്ക്‌

0
37

കുംബഡാജെ: ഓവുചാലുകളില്ലാത്ത റോഡിലൂടെ ഒഴുകുന്ന മഴവെള്ളം വീടുകളില്‍ കയറുന്നു. ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കാത്ത അധികൃത നിലപാടില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ മുഖ്യമന്ത്രിക്കും, പൊതുമരാമത്ത്‌ മന്ത്രിക്കും, ജില്ലാ കളക്‌ടര്‍ക്കും പരാതി നല്‍കി. ബദിയഡുക്ക- ഏത്തടുക്ക റോഡില്‍ പൊടിപ്പള്ള നിവാസികളാണ്‌ ബദിയഡുക്ക മരാമത്തു ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയത്‌.മെക്കാഡം ടാറിംഗിന്റെ ഭാഗമായി പൊടിപ്പള്ളം ബസ്‌സ്റ്റോപ്പ്‌ മുതല്‍ 250 മീറ്റര്‍ നീളത്തില്‍ ജല്ലി ഇട്ട്‌ ഉറപ്പിച്ചിരുന്നു. ഈ പ്രദേശത്ത്‌ നേരത്തെ ഉണ്ടായിരുന്ന ഓവുചാല്‍ മൂടിയാണ്‌ റോഡിനു വീതി കൂട്ടിയത്‌. എന്നാല്‍ പകരം ഓവുചാലുണ്ടാക്കിയതുമില്ല.
ഇതേ തുടര്‍ന്നു മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത്‌ പതിവാവുകയായിരുന്നു. ഈ പ്രദേശത്തെ പല സ്ഥലങ്ങളിലും വെള്ളം കെട്ടി കിടക്കുന്നത്‌ മൂലം ഇവിടെ കൊതുകു വളര്‍ത്തു കേന്ദ്രമായിരിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.ഇതിനെതിരെ ഒരാഴ്‌ച മുമ്പു ബദിയഡുക്ക മരാമത്ത്‌ സബ്‌ എഞ്ചിനീയറെ നാട്ടുകാര്‍ നേരിട്ട്‌ കണ്ട്‌ നിവേദനം നല്‍കിയിരുന്നു. നാളെ എല്ലാം ശരിയാക്കാമെന്നു മറുപടി നല്‍കുകയും ചെയ്‌തിരുന്നെന്നു പറയുന്നു. എന്നാല്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ആരും തിരിഞ്ഞ്‌ നോക്കിയില്ല. ഇതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ മുഖ്യമന്ത്രിക്കും, വകുപ്പ്‌ മന്ത്രി ക്കും ജില്ലാ കളക്‌ടര്‍ക്കും പരാതി നല്‍കിയത്‌.

NO COMMENTS

LEAVE A REPLY