കാസര്‍കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കര്‍ണ്ണാടക സര്‍ക്കാര്‍ അടച്ചിട്ട മംഗലാപുരംതലപ്പാടി അതിര്‍ത്തി എത്രയും പെട്ടെന്ന് തുറക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസ്സാക്കി. അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് നിന്നുള്ള 174 ഡോക്ടര്‍മാരുടെ സേവനം ജില്ലയിലെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുകയാണ്. ജില്ലയിലെ വിവിധ ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികളാണ് ഈ ഡോക്ടര്‍മാരുടെ കീഴില്‍ ചികിത്സ നടത്തിയിരുന്നത്. അത്തരം രോഗികളുടെ തുടര്‍ചികിത്സ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. അതേപോലെ മംഗലാപുരത്ത് ജോലി ചെയ്തു വരുന്ന ജില്ലയില്‍ നിന്നുള്ള നിരവധി ആളുകളുടെ കുടുംബം അതിര്‍ത്തി അടച്ചിട്ടതോടെ പട്ടിണിയിലായിരിക്കുകയാണെന്നും പ്രമേയത്തില്‍ ചൂിക്കാട്ടി. ജൂണ്‍ 26ന് കര്‍ണ്ണാടകയില്‍ പി.യു.സി പരീക്ഷയും നടക്കാന്‍ പോവുകയാണ്. ജില്ലയില്‍ നിന്നും നിരവധി വിദ്യാര്‍ഥികളാണ് മംഗലാപുരത്ത് പഠനം നടത്തി വരുന്നത്. ഇവര്‍ മാനസിക സമ്മര്‍ദ്ദം നേരിടുകയാണ്. അതിര്‍ത്തി തുറന്നു കൊടുക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഇത്തരം ആളുകള്‍ക്ക് ദൈനംദിന സഞ്ചാരത്തിന് പ്രത്യേക പാസ്സ് അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഹര്‍ഷാദ് വോര്‍ക്കാടിയാണ് പ്രമേയം അവതരിപ്പിച്ചത്. ഷാനവാസ് പാദൂര്‍, ഫരീദ സക്കീര്‍, വി.പി.പി മുസ്തഫ, മുംതാസ് സമീറ, പി.വി പദ്മജ, ജോസ് പതാലില്‍, എം നാരായണന്, കേളു പണിക്കര്‍, പുഷ്പ അമേക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സെക്രട്ടറി പി നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. അന്തരിച്ച കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സി അഹമ്മദ് കുഞ്ഞിക്ക് യോഗം അനുശോച്ചിച്ചു.