നോമ്പ് കാലത്തെ പറങ്കിമാങ്ങയും ബബ്ലൂസ് നാരങ്ങയും

0
374

 

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681

കൊറോണ ദുരിതങ്ങൾക്കിടയിൽ റമളാൻ സമാഗതമായപ്പോൾ പഴയ കാല നോമ്പ് ജീവിതമാണ് മനസ്സിൽ തെളിഞ്ഞ് വരുന്നത്.
ഇല്ലായ്മയുടെ കാലത്തെ റമളാനിനോട് സാദൃശ്യപ്പെടുത്താവുന്ന നോമ്പായിരിക്കും ഈ വർഷത്തേത്.കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ സമൃദ്ധികളൊന്നും ഈ വർഷം കാണാനിടയില്ല. ഓർക്കാനായി ഒത്തിരി റമളാൻ കാര്യം ഇവിടെ കുറിക്കട്ടെ…
റമളാനിൻ്റെ പൊന്നമ്പിളിമാനത്ത് ഉദയം ചെയ്യുന്നതിനു മുമ്പേ കാരക്കയും കസ്കസും സോജിപ്പൊടിയും വീട്ടിലെത്തും. നോമ്പ് തുറക്കായി കടയിൽ നിന്ന് വാങ്ങുന്ന പ്രധാന സാധനനങ്ങളാണിത്.
നാരങ്ങ സർവ്വത്ത് അപൂർവ്വമായിരുന്നു. വീട്ടുവളപ്പിൽ ചെറുനാരങ്ങ കൃഷി ചെയ്തിരുന്നെങ്കിലും വാഴപ്പഴം കൊണ്ടാണ് സർവ്വത്ത് ഉണ്ടാക്കിയിരുന്നത്. ചിലപ്പോൾ കസ്കസിനൊപ്പം പഴം ചേർത്ത് കലക്കും. സർവ്വത്തിനൊപ്പം കാരക്കയും വാഴപ്പഴവുമാണ് നോമ്പ് തുറക്കാൻ കൂട്ടുണ്ടാവുക.
ഉമ്മയും ഉപ്പയും അടക്കം പതിനൊന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്.
വൃത്താകൃതിയിൽ തറയിൽ പലവെച്ചിരിക്കുന്ന ശൈലിയായിരുന്നു വീട്ടിൽ.ഉമ്മക്കാണ് നിയന്ത്രണ ചുമതല.
നോമ്പ് തുറക്കാവശ്യമായ വിഭവങ്ങൾ തയ്യാറാക്കുന്നതും ഉമ്മയായിരുന്നു.
ഒന്നോ രണ്ടോ കാരക്ക കീറാക്കി മുറിച്ച് നോമ്പ് മുറിക്കാനായി എല്ലാവർക്കും കൊടുക്കും.സർവ്വത്തും സോജിയും പള്ള നിറച്ച് കുടിക്കാം. തോട്ടത്തിൽ നിന്ന് വെട്ടിയ വാഴപ്പഴം പഴുത്താൽ നോമ്പ് തുറ കസർത്തും.സർവ്വത്ത് ഉണ്ടാക്കി മിച്ചം വരുന്നത് കഴിക്കാൻ തരും.ചിപ്പോൾ ഒരെണ്ണം കിട്ടിയെന്ന് വരും. അധികവും കഷ്ണമായിരിക്കും.
വേനൽ കാലത്ത് പറങ്കിമാങ്ങയായിരിക്കും താരം. മുറ്റത്തും പറമ്പിലുമായി പൂത്ത് നിൽക്കുന്ന കശുമാവിൻ നിന്ന് പറിച്ചെടുത്ത പറങ്കിമാങ്ങ കഴുകി വൃത്തിയാക്കി മുറിക്കും. ഒന്നിനെ രണ്ടോ അധിലധികമോ കഷ്ണമാക്കി മുറിച്ച് ഉപ്പ് പുരട്ടി വെക്കും.മഗ്രിബ് ബാങ്ക് വിളിച്ച് നോമ്പ് തുറക്കാൻ നേരം ആർത്തിയിൽ തിന്ന് തീർക്കും. അന്ന് യഥേഷ്ടം തിന്നാൻ കിട്ടിയിരുന്നത് പറങ്കിമാങ്ങ മാത്രമായിരുന്നു…
വീട്ടുപറമ്പിൽ നിന്ന് ലഭിക്കുന്ന പഴവർഗ്ഗങ്ങളല്ലാതെ കടയിൽ നിന്ന് വാങ്ങുന്നതൊന്നും അന്നുണ്ടായിരുന്നില്ല.
ചെക്കോത്ത് എന്ന ബബ്ലൂസ് നാരങ്ങ ചില ദിവസങ്ങളിൽ ഉപ്പ കോരിക്കാറിൽ നിന്ന് കൊണ്ട് വരുമായിരുന്നു.ശമാം വലിപ്പത്തിലുള്ള ബബ്ലൂസ് നാരങ്ങക്ക് പ്രത്യേക രുചിയാണ്.ഉപ്പ തന്നെ മുറിച്ച് വിഹിതം വെക്കും.
വീട്ടിൽ മുത്താറി കൃഷി ഉള്ളതിനാൽ മുത്താറി സർവ്വത്തും ചിലപ്പോൾ കിട്ടിയെന്ന് വരും.
നോമ്പ് തുറയും നിസ്കാരവും കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കും.മിക്ക ദിവസവും ചോറും പച്ചക്കറിയുമായിരിക്കും. ചിലപ്പോൾ പത്തിരിയോ കടമ്പോ(പിണ്ടി)ഉണ്ടാകും.
കുടുംബക്കാരെയും അയൽവാസികളെയും വിളിച്ച് വീട്ടിൽ നടക്കുന്ന നോമ്പ് തുറ ദിവസമാണ് കോഴിക്കറിയും നെയ്ച്ചോറും ഉണ്ടാക്കിയിരുന്നത്.ആതിഥേയനായ എനിക്ക് കോഴിക്കാലായിരിന്നു കിട്ടിയിരുന്നത്.അതിഥികൾ കഴിച്ച് മിച്ചം വന്നത് മാത്രം തിന്നാൽ മതിയെന്ന് നേരത്തെ നിർദ്ദേശമുണ്ടാകും.
” മുസ്താ ആൾക്കാറെടയിൽ റാഉ(ആർത്തി) കാണ്ച്ചെങ്ക് പൊറം പൊടിയാഉം.”
നോമ്പ് തുറ ദിവസം ഉമ്മയുടെ താക്കീത് സ്വരമാണിത്.ലംഗിച്ചാൽ റമളാനിലെ ഇരട്ടി പ്രതിഫലം ഇവിടെയും കിട്ടും.കോഴിയുടെ മുള്ള് മാത്രമായിരിക്കും അതിഥികൾ കഴിച്ച് മിച്ചമുണ്ടാകുക.കോഴിയുടെ കാലെങ്കിലും കിട്ടുന്നത് ഭാഗ്യമെന്ന് കരുതാം.
മത്സ്യവും മാംസവും കിട്ടണമെങ്കിൽ എവിടെങ്കിലും നോമ്പ് തുറക്ക് പോകണം.കുടുംബ വീടുകളിൽ ഉണ്ടായിരുന്ന ഇഫ്താർ സംഗമങ്ങളിൽ പോയാൽ നെയ്ച്ചോറും കോഴിക്കറിയും ഉണ്ണാം.
പള്ളിയിലാണെങ്കിൽ സോജിയും കസ്കസ് സർവ്വത്തും പത്തിരിക്കഷ്ണവുമായിരിക്കും നോമ്പ് തുറക്കുണ്ടാകുക.
മഗ്രിബ് ബാങ്ക് വിളിക്കുന്നതിന് 15 മിനുറ്റ് മുമ്പ് തസ്ബീഹ് ആരംഭിക്കണം.ബാങ്ക് വിളിച്ചാൽ മാത്രമെ പളളിയിൽ നിന്നെണീക്കാവൂ.മുനിയൂർ മൂസ മുക്രിക്കയായിരുന്നു ബാങ്ക് വിളിച്ചിരുന്നത്.
ബാങ്ക് വിളിക്കാനായി മുക്രിക്ക മൈക്കിനു മുമ്പിൽ നിന്നാൽ അകം പള്ളിയിൽ നിന്ന് എണീറ്റ് ഓടും.പുറം പള്ളിയിൽ നിരത്തിവെച്ച സർവ്വത്ത് ഗ്ലാസ്സിനു മുന്നിലിരുന്ന് നോമ്പുതുറക്കും.വലിയ ഗ്ലാസ്സും പത്തിരിയും കിട്ടാനുള്ള ആർത്തിയിൽ പള്ളിയിൽ നിന്ന് എണീറ്റ് ഓടുമ്പോൾ കാൽവഴുതി വീണാൽ പിന്നെ ഗുൽമാലിൻ്റെ ഔലും കഞ്ഞിയും…
നിസ്കാരം കഴിഞ്ഞ് മുക്രിയുടെ കൈയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടും. മുക്രിയുടെ നോമ്പിൻ്റെ ചൂട് തീർക്കാൻ മാത്രം ഊക്കുണ്ടാകും(ശക്തി) അടിക്ക്. പള്ളിയിൽ കളിക്കുന്ന കുട്ടികളെയും ഭക്ഷണം മോഷ്ടിക്കുന്ന പൂച്ചയെയും തല്ലാനായി മൂസ മുക്രിക്ക കൈയ്യിൽ നുച്ചിവടി കരുതി വെക്കും.അടി കിട്ടിയ കുട്ടികളോട് ഒരാഴ്ച പള്ളിയിൽ വരരുതെന്ന അഭ്യർത്ഥനയും…
മഗ്രിബ് കഴിഞ്ഞ് വീട്ടിൽ വന്നാൽ ഭക്ഷണം കഴിക്കാനിരിക്കും.കഴിഞ്ഞെണീക്കുമ്പോൾ ഇശാ വാങ്ക് വിളിക്കും.പിന്നെ ജ്യേഷ്ഠസഹോദരന്മാർക്കൊപ്പം പള്ളിയിലേക്ക്…
റമളാനിലെ തറാവീഹ് ജമാഅത്ത് പ്രത്യേക ഹരമായിരുന്നു.തറാവീഹ് ജമാഅത്തിനായി നാട്ടുകാരെല്ലാം പള്ളിയിൽ എത്തും.ബെളിഞ്ചയിലെ പഴയ ഓട് മേഞ്ഞ ബദർ ജുമാ മസ്ജിദിൻ്റെ അകംപള്ളി മുതിർന്നവരെക്കൊണ്ട് നിറയും. കുട്ടികൾ പുറം പളളിയിലാണ് നിൽക്കേണ്ടത്.
നിസ്കാരത്തിൽ വികൃതി കളിക്കാതിരിക്കാൻ മുതിർന്നവരാരെങ്കിലും കുട്ടികൾക്കൊപ്പം നിൽക്കും. സുജൂദിൽ പോകുമ്പോൾ മുമ്പിൽ നിൽക്കുന്നവൻ്റെ കാൽ പിടിച്ച് വലിച്ചിടുന്ന വിരുതന്മാരും കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്നു..
തറാവീഹ് കഴിഞ്ഞാലുടൻ ഏതെങ്കിലും മുതഅല്ലിം ഉറുതി പറയാനായി എണീറ്റ് നിൽക്കും.
പള്ളിദർസിൽ പഠിക്കുന്ന മുതഅല്ലിംകളാണ് റമളാനിൽ പള്ളികളിൽ ഉർതി പറയാനെത്തുക.സ്വരമാധുര്യം കൊണ്ട് ആകർഷണീയമായ ഉർതി കേൾക്കാൻ നാട്ടുകാർക്കെല്ലാം പ്രത്യേക താൽപര്യമായിരുന്നു. വീടുകളിലുള്ള സ്ത്രീകൾക്ക് കേൾക്കാൻ മൈക്കിലായിരിക്കും ഉർതി പറയുക…
ഖുർആനും ഹദീസും ചരിത്രശകലങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ഉസ്താദുമാർ പറയുന്ന ഉർതി കേൾക്കാൻ പള്ളിയിൽ ചാരിയിരിക്കുന്ന വയസ്സന്മാർ പള്ളിയുടെ അലങ്കാരമായിരുന്നു.
ഉർതി കഴിഞ്ഞാൽ മുതഅല്ലിമിന് ഹദ്യ നൽകണം. പുറം പള്ളിയിൽ വിരിച്ച മുസല്ലയിൽ നാട്ടുകാർ ഇട്ട് കൊടുക്കുന്ന പൈസ മുക്രിക്ക എണ്ണി തിട്ടപ്പെടുത്തി ഉസ്താദിൻ്റെ കൈയ്യിൽ കൊടുക്കും.ഉർതി പറയുന്ന ഉസ്താദിന് കൊടുക്കാനായി ഉമ്മ എന്തെങ്കിലും കൈയ്യിൽ തരും.വീട്ടിലെത്തിയാൽ ഉസ്താദ് പറഞ്ഞ ഉർതി ഉമ്മക്കും പെങ്ങന്മാർക്കും പറഞ്ഞു കൊടുക്കണം. അതൊരു പ്രാക്ടീസ് ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.
ബാല്യകാലത്തെ റമളാൻ സ്മരണകൾ കൊറോണ യുഗത്തിൽ മനസ്സിനെ ആനന്ദിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
സമൃദ്ധമായ വിഭവങ്ങളാൽ നിറഞ്ഞ് കവിയുന്ന തീൻമേശപോലും റമളാനിൽ കൊറോണയുടെ ദുരിതമറിഞ്ഞു. അടുക്കളയിൽ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണങ്ങൾ ആകാശം നോക്കി കരഞ്ഞതായിരിക്കാം ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതങ്ങൾക്കെല്ലാം കാരണം…
പഴ-പച്ചക്കറി-ധാന്യ വിഭവ രംഗത്തെ പരാശ്രയമാണ് കൊറോണ കാലത്ത് മനുഷ്യരെ നിരാശ്രയനാക്കിയത്…

NO COMMENTS

LEAVE A REPLY