ദേവകി കൊലക്കേസിന്‌ ഇന്നേക്ക്‌ മൂന്നാണ്ട്‌; കൊലയാളികള്‍ ഇപ്പോഴും വലയ്‌ക്ക്‌ പുറത്ത്‌

0
15


പൊയ്‌നാച്ചി: ബേക്കല്‍, പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, കാട്ടിയടുക്കത്തെ ദേവകി (68)യെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‌ മൂന്ന്‌ വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താനായില്ല. ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള കേസ്‌ അന്വേഷണം പൂര്‍ണ്ണമായും നിലയ്‌ക്കുകയും ചെയ്‌തു.
2017 ജനുവരി 13ന്‌ വൈകുന്നേരമാണ്‌ ദേവകിയെ സ്വന്തം വീട്ടിനകത്തെ ഹാളിനകത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. നിലത്ത്‌ വിരിച്ച പായയില്‍ കമിഴ്‌ന്ന്‌ കിടന്ന നിലയിലായിരുന്നു മൃതദേഹം. പാവാടയും ബ്ലൗസും മാത്രമേ മൃതദേഹത്തില്‍ ഉണ്ടായിരുന്നുള്ളു. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന്‌ വ്യക്തമായത്‌. പത്താംതീയ്യതി രാത്രിയിലാണ്‌ കൊലപാതകം നടന്നതെന്നും വ്യക്തമായിരുന്നു.
ഹൊസ്‌ദുര്‍ഗ്ഗ്‌ ഡിവൈ എസ്‌ പിയായിരുന്ന ഇപ്പോഴത്തെ വിജിലന്‍സ്‌ ഡിവൈ എസ്‌ പി കെ ദാമോദരന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. ദേവകിയുമായി ബന്ധമുള്ളവരടക്കം നിരവധി പേരെ ചോദ്യം ചെയ്‌തുവെങ്കിലും കൊലയാളികളിലേയ്‌ക്ക്‌ വെളിച്ചം വീശുന്ന ഒരു സൂചനയും കണ്ടെത്താനായില്ല. പ്രതികളെ കണ്ടെത്താനാകാത്തത്‌ നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കുകയും ചെയ്‌തിരുന്നു. സി പി എം ശക്തികേന്ദ്രമായ കാട്ടിയടുക്കത്ത്‌ നടന്ന കൊലപാതകം അണികളിലും വലിയ പ്രതിഷേധത്തിന്‌ ഇടയാക്കി. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെടുകയും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്‌തു.
ഇതേ തുടര്‍ന്ന്‌ കേസ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിട്ടുകൊണ്ടു സംസ്ഥാന ആഭ്യന്തര വകുപ്പ്‌ ഉത്തരവിട്ടു. കേസ്‌ ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ സംഘം കാട്ടിയടുക്കത്ത്‌ ക്യാമ്പ്‌ ഓഫീസ്‌ തുറന്ന്‌ കൊണ്ട്‌ അന്വേഷണം ആരംഭിക്കുകയും ലോക്കല്‍ പൊലീസ്‌ നേരത്തെ ചോദ്യം ചെയ്‌തവരെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്‌തു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ക്ക്‌ ശേഷം ക്യാമ്പ്‌ ഓഫീസ്‌ പൂട്ടി അന്വേഷണ സംഘം സ്ഥലംവിടുകയും ചെയ്‌തു. ഇപ്പോള്‍ കേസ്‌ അന്വേഷണം പൂര്‍ണ്ണമായും നിലച്ച നിലയിലാണ്‌. വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന ദേവകിയെ കൊലപ്പെടുത്തിയ സംഭവത്തിന്‌ മൂന്ന്‌ വര്‍ഷമായിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിയാത്തത്‌ നാട്ടില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY