ശബരിമല: വാദം ഏഴു ചോദ്യങ്ങളില്‍ മാത്രം

0
13


ന്യൂദെല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്നു സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എ ബോബ്‌ഡെ ആധ്യക്ഷനായുള്ള ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.
റിട്ട്‌ ഹര്‍ജികളും പരിഗണിക്കില്ലെന്നും ബെഞ്ച്‌ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ്‌ ഭരണഘടനാ ബെഞ്ച്‌ നിലപാട്‌ വ്യക്തമാക്കിയത്‌. കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്‌ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ മാത്രമേ ഭരണഘടനാ ബെഞ്ച്‌ കേള്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
മുസ്ലീംസ്‌ത്രീകളുടെ പള്ളി പ്രവേശനം, ചേലാ കര്‍മ്മം, എന്നീ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കും. പുതിയതായി ആരെയും കക്ഷി ചേര്‍ക്കില്ല. ഒരേ കാര്യം പലരും ഉന്നയിക്കുന്നത്‌ ഒഴിവാക്കണം. ഇതിനായി സെക്രട്ടറി ജനറല്‍ യോഗം വിളിക്കണം. ഹര്‍ജിക്കാര്‍ ഒന്നിച്ചിരുന്ന്‌ ഏതൊക്കെ കാര്യങ്ങളാണ്‌ പരിഗണനയ്‌ക്കും ചര്‍ച്ചയ്‌ക്കും വരേണ്ടതെന്ന്‌ ധാരണയിലെത്തണം. ഇതിനായി ഈ മാസം 17ന്‌ ഹര്‍ജിക്കാരുടെ യോഗം സെക്രട്ടറി ജനറല്‍ വിളിച്ചു ചേര്‍ക്കണം. മൂന്നാഴ്‌ച കഴിഞ്ഞ്‌ വാദം കേള്‍ക്കും-ചീഫ്‌ ജസ്റ്റീസ്‌ വ്യക്തമാക്കി.
നേരത്തെ അഞ്ചംഗ ബെഞ്ച്‌ ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ കേള്‍ക്കൂ. പ്രസ്‌തുത ചോദ്യങ്ങള്‍ കിറുകൃത്യമാക്കും-കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY