മഡിയന്‍ കൂലോം പാട്ടുത്സവം തുടങ്ങി

0
13


കാഞ്ഞങ്ങാട്‌: ചരിത്രവും പൗരാണികതയും ഒത്തുചേര്‍ന്ന മഡിയന്‍ കൂലോം പാട്ടുത്സവത്തിന്‌ ഇന്നലെ തുടക്കം കുറിച്ചു. ജാതി മത ഭേദമന്യേ നാടിന്റെ മുഖ്യ ഉത്സവമായ പാട്ടുത്സവം 16 വരെ ആഘോഷിക്കും. വിവിധ ജാതി ജനവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ സംഗമം പാട്ടുത്സവത്തോട്‌ അനുബന്ധിച്ച്‌ നടക്കും. ക്ഷേത്രനടയില്‍ പാരമ്പര്യ ട്രസ്റ്റിമാരായ മഡിയന്‍ നായരച്ഛന്‍, മൂലച്ചേരി നായരച്ഛന്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ കണക്കപിള്ള നമ്പീശന്‍ ക്ഷേത്ര ജീവനക്കാര്‍ക്കും, അവകാശികള്‍ക്കും താബൂലം നല്‍കി പാട്ടുത്സവമേല്‍പ്പിക്കുന്ന ചടങ്ങു നടന്നു.ഇന്നലെ രാവിലെ ക്ഷേത്ര സ്ഥാനികരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര പാരമ്പര്യ അവകാശിയായ രത്‌നാകരന്‍ ജോത്സ്യര്‍ പടിഞ്ഞാറെ ഗോപുരനടയില്‍ ആചാര കുട വെച്ച്‌ മുഹൂര്‍ത്തം കുറിച്ചു. തുടര്‍ന്ന്‌ ക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ കാളരാത്രിയമ്മയുടെയും, ക്ഷേത്രപാലകന്റെയും തിരുവായുധം വാദ്യമേളങ്ങളോടെയും, ആചാര- സ്ഥാനികരുടെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. തുടര്‍ന്നു മഡിയന്‍ കുറുപ്പിന്റെ വസതിയില്‍ നിന്നും വ്രതശുദ്ധിയോടു തിരുഉടയാട ക്ഷേത്രത്തിലേയ്‌ക്ക്‌ എത്തിച്ചു. കഞ്ഞി പശതേച്ച്‌ കറുപ്പും ചുവപ്പും കരകളോട്‌ കൂടി ഉണ്ടാക്കുന്ന തിരുഉടയാടഞെറികള്‍ ഇട്ട്‌ ദാരിക രൂപത്തോടെ കാളരാത്രിയമ്മയ്‌ക്ക്‌ അഭിമുഖമായി പ്രത്യേക പീഠത്തില്‍ സ്ഥാപിച്ചു.
ഉഗ്രരൂപിണിയായ കാളരാത്രിയമ്മയെ പാട്ടുത്സവനാളുകളില്‍ ഭക്തജനങ്ങള്‍ക്ക്‌ നേരിട്ട്‌ ദര്‍ശിക്കാവുന്നതല്ല. കാളരാത്രിയമ്മക്കും, ദാരികനും ഇടയിലുള്ള സോപാനത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാളരാത്രിയമ്മയുടെയും, ക്ഷേത്രപാലകന്റെയും രൂപം തെയ്യംപാടി അരി പൊടി, മഞ്ഞ പൊടി, പച്ചില പൊടി തുടങ്ങിയവയുടെ മിശ്രിതങ്ങളാല്‍ വരച്ചു വെയ്‌ക്കുകയും തോറ്റംപാടുകയും ചെയ്യുന്നു. പാട്ടുത്സവത്തിലെ അധികമാരും ശ്രദ്ധിക്കാത്ത ചടങ്ങാണിത്‌. ശ്രീകുറുംബ ഭഗവതി ക്ഷേത്രം, ശ്രീ പെരട്ടൂര്‍ ഭഗവതി ക്ഷേത്രം, ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, ശ്രീ മുച്ചിലോട്ട്‌ ഭവതി ക്ഷേത്രം, ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, ശ്രീ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം അടോട്ട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള തെയ്യം വരവ്‌, വിവിധ ക്ഷേത്രങ്ങളില്‍ നിന്നും കാഴ്‌ചവരവ്‌ എന്നിവ ആഘോഷത്തോടനുബന്ധിച്ച്‌ നടക്കും. അള്ളടസ്വരൂപനായ ക്ഷേത്രപാലകന്റെയും, അമ്മ കാളരാത്രിയുടെയും തിരുവരങ്ങില്‍ ഭക്തജന സഹസ്രങ്ങള്‍ പാട്ടുത്സവത്തിന്‌ എത്തി ആത്മനിര്‍വൃതിയടയുന്നു.

NO COMMENTS

LEAVE A REPLY