അടയ്‌ക്കാ വില മെച്ചപ്പെടുമ്പോള്‍ കവുങ്ങുകള്‍ക്ക്‌ അജ്ഞാത രോഗം

0
24


ബദിയഡുക്ക: അടയ്‌ക്കക്കു വില മെച്ചപ്പെട്ടുക്കൊണ്ടിരിക്കെ കവുങ്ങുകളെ അപൂര്‍വ്വമായെങ്കിലും അജ്ഞാത രോഗം ബാധിക്കുന്നു. കഴിഞ്ഞ പെരുമഴക്കാലത്ത്‌ മഹാളിരോഗം ബാധിക്കുകയും മരുന്നു തളിച്ചിട്ടും രോഗം മാറാതിരിക്കുകയും ചെയ്‌ത കവുങ്ങുകളാണ്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നശിച്ചു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ മഴക്കാലത്ത്‌ മഹാളി അടക്കമുള്ള രോഗം മൂലം കവുങ്ങ്‌ നഷ്‌ടപ്പെട്ട കര്‍ഷകര്‍ നഷ്‌ട പരിഹാരത്തിനായി കാത്ത്‌ നില്‍ക്കുന്നതിനിടയിലാണ്‌ വീണ്ടും കവുങ്ങുകള്‍ നാശം നേരിടുന്നത്‌.
കഴിഞ്ഞ മഴക്കാലത്തുണ്ടായ മഹാളി രോഗത്തിന്‌ കര്‍ഷകര്‍ മരുന്നു തളിച്ചിരുന്നു. ചില കര്‍ഷകര്‍ രണ്ട്‌ തവണയും മറ്റു ചിലര്‍ അഞ്ചു തവണ വരെയും മരുന്നു തളിച്ചു. അന്നു മരുന്നു തളിച്ച്‌ രക്ഷപ്പെട്ട മരങ്ങളുമുണ്ട്‌. പക്ഷെ മരുന്നു തളിച്ചിട്ടും രോഗം മാറാത്ത മരങ്ങളാണ്‌ ഇപ്പോള്‍ നശിക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു. ആദ്യം മരത്തിന്റെ മുകള്‍ ഭാഗം മഞ്ഞ നിറത്തിലാവുകയും പിന്നീട്‌ മുകള്‍ ഭാഗം നിലം പൊത്തുകയുമാണെന്ന്‌ കര്‍ഷകര്‍ പറയുന്നു.
കുറഞ്ഞത്‌ ആറു വര്‍ഷത്തെ പരിചരണത്തിലൂടെയാണ്‌ ഒരു കവുങ്ങില്‍ നിന്നു വിളവു ലഭിക്കുന്നത്‌. ഒരു വര്‍ഷം ഒരു മരത്തിന്റെ ചിലവ്‌ 100 മുതല്‍ 300 രൂപ വരെയാണ്‌. വെള്ളവും വളവും നന്നായിട്ട്‌ ലഭിച്ചാല്‍ അഞ്ചു വര്‍ഷത്തില്‍ തന്നെ കായ്‌ക്കുന്ന കവുങ്ങുകളുമുണ്ട്‌. ഇങ്ങനെ വളര്‍ത്തുന്ന മരങ്ങളാണ്‌ രോഗങ്ങള്‍ മൂലം നശിക്കുന്നത്‌.
നീര്‍ച്ചാല്‍, ഏണിയാര്‍പ്പ്‌, പെര്‍ഡാല, നല്‍ക്ക, കാട്ടുകുക്കെ, ഏത്തടുക്ക, കിന്നിംഗാര്‍, വാണിനഗര്‍, സ്വര്‍ഗ്ഗ, ഷേണി എന്നിവിടങ്ങളില്‍ ഇപ്പോഴും കവുങ്ങുകള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. ഒരു ഏക്കര്‍ കവുങ്ങ്‌ തോട്ടത്തില്‍ കുറഞ്ഞത്‌ 10 മരമെങ്കിലും ഇത്തരത്തില്‍ നശിക്കുന്നുണ്ടെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
അടയ്‌ക്ക മാര്‍ക്കറ്റ്‌ നല്ല രീതിയില്‍ കടന്നു പോകുന്ന സമയമാണ്‌ ഇപ്പോള്‍. പുതിയ അടയ്‌ക്കക്ക്‌ കിലോയ്‌ക്ക്‌ 250 രൂപ മുതലും പഴയ അടയ്‌ക്ക ക്ക്‌ 300 രൂപ മുതലുമാണ്‌ വില.

NO COMMENTS

LEAVE A REPLY