വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

0
10


കാസര്‍കോട്‌: വാഹനാപകകടത്തില്‍ പരിക്കേറ്റ രണ്ടു യുവാക്കള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ കാസര്‍കോട്‌ എം എ സി ടി കോടതി വിധിച്ചു. വ്യത്യസ്‌ത അപകടങ്ങളിലായി പരിക്കേറ്റ, ബാര, മുല്ലച്ചേരിയിലെ രാജുവിന്റെ മകന്‍ പി വി രാമകൃഷ്‌ണന്‍, ബാരയിലെ കെ മാലിങ്കന്റെ മകന്‍ കെ എം ശിവന്‍ (25) എന്നിവര്‍ക്കാണ്‌ കോടതി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചത്‌.
2015 ഏപ്രില്‍ 9ന്‌ പാലക്കുന്ന്‌- ഉദുമ റോഡില്‍ വച്ച്‌ ബൈക്കില്‍ കാറിടിച്ചാണ്‌ രാമകൃഷ്‌ണനു പരിക്കേറ്റത്‌. പാലക്കുന്നില്‍ നിന്ന്‌ ഉദുമയിലേക്ക്‌ രാമകൃഷ്‌ണന്‍ ബൈക്കില്‍ സഞ്ചരിക്കവെ, പാലക്കുന്ന്‌ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡിനരികില്‍ വച്ച്‌ എതിരെ വരികയായിരുന്ന മാരുതി കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീഴ്‌ച്ചയില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക്‌ 1,09,197 രൂപ നാഷണല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി കാസര്‍കോട്‌ ശാഖ നഷ്‌ട പരിഹാരമായി നല്‍കണമെന്നാണ്‌ വിധി. 2017 മെയ്‌ 21ന്‌ രാത്രി ഉദുമ ടൗണ്‍, എസ്‌ എച്ച്‌ റോഡില്‍ വച്ച്‌ റോഡു മുറിച്ചു കടക്കവെ കാറിടിച്ചാണ്‌ ശിവനു പരിക്കേറ്റത്‌. റോഡില്‍ തെറിച്ചു വീണ ശിവന്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ശിവന്‌ 14,26,121 രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ്‌ കോടതി വിധി.
നാഷണല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി കാസര്‍കോട്‌ ശാഖയാണ്‌ നഷ്‌ടപരിഹാരം നല്‍കേണ്ടത്‌.

NO COMMENTS

LEAVE A REPLY