വ്യാപാരിയുടെ പണം തട്ടിയ സംഘം കത്തിയുമായി അറസ്റ്റില്‍

0
12


കാസര്‍കോട്‌: പോക്‌സോ കേസില്‍പ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി വസ്‌ത്ര വ്യാപാരിയില്‍ നിന്ന്‌ അരലക്ഷം രൂപ തട്ടുകയും അഞ്ചു ലക്ഷം രൂപ തട്ടാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ നാലുപേരെ പൊലീസ്‌ തന്ത്രപൂര്‍വ്വം പിടികൂടി. അണങ്കൂര്‍, ടിപ്പു നഗറിലെ മുഹമ്മദ്‌ അഷ്‌റഫ്‌ എന്ന അച്ചു (24), കൊല്ലമ്പാടി, ഷഹബാസ്‌ മന്‍സിലിലെ മുഹമ്മദ്‌ റിയാസ്‌ (30), സാദത്ത്‌ മന്‍സിലിലെ എസ്‌ എ സാബിത്ത്‌ (32), പുളിക്കൂര്‍, പള്ളത്തെ പി ഐ ഹബീബ്‌ (25) എന്നിവരെയാണ്‌ ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ പിടികൂടിയത്‌. പ്രതികളെത്തിയ കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റില്‍ വസ്‌ത്രാലയം നടത്തുന്ന മൊഗ്രാല്‍പുത്തൂര്‍, ബെള്ളൂരിലെ അബ്‌ദുള്‍ ഷെരീഫിന്റെ പരാതിപ്രകാരമാണ്‌ അറസ്റ്റ്‌. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ-“പരാതിക്കാരന്റെ കടയില്‍ വസ്‌ത്രങ്ങള്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പരാതിക്കാരനും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചാറ്റുചെയ്യുകയും ചെയ്‌തിരുന്നു. ഇതു മനസ്സിലാക്കിയ സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ്‌ സംഘം വ്യാപാരിയെ സമീപിക്കുകയും പോക്‌സോ കേസില്‍പ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഭയം തോന്നിയ അബ്‌ദുള്‍ ഷെരീഫ്‌ പണം നല്‍കാന്‍ തയ്യാറായി. മിനിഞ്ഞാന്നും അതിന്റെ തലേനാളുമായി എ ടി എം കൗണ്ടറില്‍ നിന്ന്‌ കാല്‍ ലക്ഷം രൂപ വീതം കൈക്കലാക്കി. അഞ്ചു ലക്ഷം രൂപ കൂടി നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. പണം ലഭിക്കുന്നതുവരെ എ ടി എം കാര്‍ഡ്‌ തങ്ങളുടെ കൈയില്‍ ഇരിക്കട്ടെയെന്ന്‌ വ്യക്തമാക്കി. ഇന്നലെ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍ താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന്‌ തിരിച്ചറിഞ്ഞ അബ്‌ദുള്‍ ഷരീഫ്‌ പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കി. പിന്നീട്‌ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ ഉച്ചയോടെ വ്യാപാരി പുതിയ ബസ്‌സ്റ്റാന്റിന്‌ സമീപത്തെ ഒരു സ്ഥാപനത്തിന്റെ പിന്നാമ്പുറത്ത്‌ എത്തി. പച്ച നിറത്തിലുള്ള കാറിന്‌ മുകളില്‍ മുഴുവനും കറുത്ത സ്റ്റിക്കറൊട്ടിച്ച കാറിലാണ്‌ പ്രതികള്‍ എത്തിയത്‌. ഇതിനിടയില്‍ വേഷം മാറി സ്ഥലത്ത്‌ നിലയുറപ്പിച്ചിരുന്ന പൊലീസ്‌ സംഘം പണം കൈപ്പറ്റാന്‍ എത്തിയവരെ പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്ന്‌ ഒരു കത്തി, വ്യാപാരിയില്‍ നിന്ന്‌ കൈക്കലാക്കിയ എ ടി എം കാര്‍ഡ്‌ എന്നിവ കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.” പൊലീസ്‌ സംഘത്തില്‍ എസ്‌ ഐ നളിനാക്ഷന്‍, രാജേഷ്‌, ഓസ്റ്റിന്‍ തമ്പി, മനു, ഷിജിത്ത്‌, നിയാസ്‌, രതീഷ്‌ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY