ഗോപാലന്‍ നായര്‍ 16ന്‌ നായരച്ഛനായി സ്ഥാനമേല്‍ക്കും

0
14


നീലേശ്വരം: ജില്ലയില്‍ ശാക്തേയ സമ്പ്രദായത്തില്‍ പൂജകള്‍ നടക്കുന്ന നീലേശ്വരം മന്നന്‍പുറത്തുകാവിലെ അരമന നായരച്ഛനായി കിഴക്കന്‍കൊഴുവലിലെ അരമന ഗോപാലന്‍ നായര്‍ (84) സ്ഥാനമേല്‍ക്കും.
ക്ഷേത്രത്തിലെ 3 പാരമ്പര്യ ട്രസ്റ്റികളില്‍ ഒരാളാണ്‌ അരമന നായരച്ഛന്‍. എറുവാട്ടച്ഛനും മൂത്ത പിടാരരുമാണ്‌ മറ്റു 2 പേര്‍. കിഴക്കന്‍കൊഴുവലിലെ നായര്‍ തറവാടുകളായ അരമന, മയിലിട്ട തറവാട്ടുകാര്‍ക്ക്‌ അവകാശപ്പെട്ട സ്ഥാനമാണ്‌ ഇത്‌. ഇരു തറവാടുകളിലെയും മൂത്ത അംഗമാണ്‌ ഊഴമിട്ട്‌ ഈ സ്ഥാനത്തെത്തുന്നത്‌.
16 ന്‌ രാവിലെ 10. 22 നും 12 നും മധ്യേയാണ്‌ ചടങ്ങ്‌. തളിയില്‍ ക്ഷേത്രത്തില്‍ കലശം കുളിച്ചെത്തി കിണാവൂര്‍ കോവിലകത്തെ കെ.സി.രവി വര്‍മ രാജയാണ്‌ കച്ചും ചുരികയും നല്‍കി സ്ഥാനപ്പേര്‌ കല്‍പിക്കുക. തുടര്‍ന്നു മന്നന്‍പുറത്തുകാവിലെത്തി ഉച്ചപൂജ തൊഴുതു തറവാട്ടില്‍ തിരിച്ചെത്തുന്ന നായരച്ഛനെ കാരയപ്പമെറിഞ്ഞു വരവേല്‍ക്കും.
ഭാര്യ എറുവാട്ട്‌ ശാരദയ്‌ക്കു വീണ്ടും താലികെട്ടുന്ന ചടങ്ങുമുണ്ടാകും. വിഭവസമൃദ്ധമായ സദ്യയുമൊരുക്കും. റിട്ട.വില്ലേജ്‌ അസിസ്റ്റന്റ്‌ ആണ്‌ ഗോപാലന്‍ നായര്‍. അരമന തറവാട്‌ ട്രസ്റ്റ്‌ പ്രസിഡന്റും എന്‍എസ്‌എസ്‌ കിഴക്കന്‍കൊഴുവല്‍ കരയോഗം വൈസ്‌ പ്രസിഡന്റുമാണ്‌. വിമുക്തഭടന്‍ സുനില്‍കുമാര്‍, നിഷ, നീലേശ്വരം ഇന്നര്‍വീല്‍ ക്ലബ്‌ പ്രസിഡന്റ്‌ ഷീജ.ഇ.നായര്‍ എന്നിവരാണ്‌ മക്കള്‍. കേരള ബാസ്‌കറ്റ്‌ ബോള്‍ ടീം മുന്‍ ക്യാപ്‌റ്റന്‍ പി.ഗോപാലകൃഷ്‌ണന്‍, പ്രേമരാജ്‌, പ്രീത എന്നിവര്‍ മരുമക്കളാണ്‌. ചടങ്ങുകള്‍ക്കു തുടക്കം കുറിച്ച്‌ ഇന്നലെ എറുവാട്ട്‌ വീട്ടില്‍ കെട്ടുവെക്കല്‍ ചടങ്ങ്‌ നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY