കവര്‍ച്ചാ കേസുകള്‍ പെരുകുന്നു; ബദിയഡുക്കയില്‍ പൊലീസ്‌ ഇരുട്ടില്‍ തപ്പുന്നു

0
14


ബദിയഡുക്ക: ബദിയഡുക്ക പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ആറു മാസത്തിനിടയില്‍ നടന്ന കവര്‍ച്ച സംഭവങ്ങളില്‍ പൊലീസ്‌ ഇരുട്ടില്‍തപ്പുന്നു. ഒന്നു രണ്ടു കവര്‍ച്ചകള്‍ ഒഴികെ മറ്റുള്ളവയില്‍ തുമ്പു പോലും കണ്ടെത്താന്‍ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല.
കവര്‍ച്ച കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതു കൊണ്ടൊന്നും ഒരു ഫലമുണ്ടായില്ലെന്നു പൊലീസ്‌ തന്നെ സമ്മതിക്കുന്നു.
നീര്‍ച്ചാല്‍ ടൗണില്‍ മൂന്നു തവണ കവര്‍ച്ച സംഭവിച്ചു. നീര്‍ച്ചാല്‍ താഴത്തെ ബസാറില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കടയടക്കം ആറു കടകള്‍ കുത്തിത്തുറന്നു പണം കവര്‍ച്ച ചെയ്‌തിട്ട്‌ നാലു മാസം കഴിഞ്ഞു. അതിനു ശേഷം നീര്‍ച്ചാലില്‍ രണ്ടു കടകള്‍ കൂടി കവര്‍ച്ച ചെയ്‌തു. ഒന്നര മാസം മുമ്പ്‌ നീര്‍ച്ചാല്‍ മീത്തലെ ബസാറില്‍ അഞ്ചു കടകള്‍ കവര്‍ച്ച ചെയ്‌തു.
പെര്‍ള അമെക്കളയില്‍ വീട്‌ കുത്തിത്തുറന്ന്‌ 25 പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു. പെര്‍ള പരിസരത്ത്‌ നിന്ന്‌ നാലു ബൈക്കുകള്‍ കവര്‍ന്നു. പെര്‍ള ടൗണില്‍ നിന്ന്‌ ബസ്‌ യാത്രക്കാരുടെ പണം കവര്‍ന്ന മൂന്നു സംഭവങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടയിലാണ്‌ ഈ കവര്‍ച്ചകളൊക്കെ നടന്നത്‌. അടുക്കസ്ഥലയിലെ ഒരു വീട്‌ കുത്തിത്തുറന്നു സ്വര്‍ണ്ണവും പണവും മോഷ്‌ടി ച്ച സംഭവമുണ്ടായിരുന്നു.പള്ളത്തടുക്കയില്‍ മൂന്നു വീടുകള്‍ കുത്തിത്തുറന്നു പണവും സ്വര്‍ണ്ണവും കവര്‍ന്നു. ഒരു കടയില്‍ നിന്നും പട്ടാപ്പകല്‍ പണം മോഷ്‌ടിച്ചു. ബദിയഡുക്ക ബസ്‌സ്റ്റാന്റ്‌ പരിസരത്തെ ജുവല്ലറി വര്‍ക്ക്‌സ്‌ കടയില്‍ നിന്നു 50,000 രൂപയും നാലു കിലോ പഴയ വെള്ളിയും മൂന്നു മാസം മുമ്പു കവര്‍ച്ച ചെയ്‌തിരുന്നു.
ഈ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്‌ അറിയിച്ചു. കന്യപ്പാടിയില്‍ വീട്‌ കുത്തി തുറന്നു സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നു പൊലീസ്‌ പറഞ്ഞു.
പെര്‍ളയില്‍ നിറുത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന്‌ ബാറ്ററികള്‍ മോഷ്‌ടിക്കുന്നതും പതിവായിട്ടുണ്ട്‌. നാല്‌ ദിവസം മുമ്പ്‌ രണ്ടു ബസുകളുടെയും ഒരു ലോറിയുടെയും ബാറ്ററികള്‍ മോഷ്‌ടിച്ചു. ആറു മാസത്തിനിടയില്‍ നിരവധി വാഹനങ്ങളുടെ ബാറ്ററികള്‍ കവര്‍ച്ച ചെയ്‌തു. മാന്യയില്‍ കടകള്‍, ക്വാര്‍ട്ടേഴ്‌സ്‌ എന്നിവ കുത്തി തുറന്നു കവര്‍ച്ച ചെയ്‌ത സംഭവങ്ങളുമുണ്ട്‌. കാസര്‍കോട്‌ എ എസ്‌ പിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം ബദിയഡുക്ക പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ചകള്‍ അന്വേഷിക്കുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY