പൊട്ടോരി അബ്‌ദുള്‍ സലാം വധക്കേസ്‌: വിചാരണ തീയ്യതി ഒക്‌ടോബര്‍ 3ന്‌ പ്രഖ്യാപിക്കും

0
21


കാസര്‍കോട്‌: കുമ്പള, പേരാല്‍, പൊട്ടോരിയിലെ അബ്‌ദുള്‍ സലാമിനെ(22) പട്ടാപ്പകല്‍ കഴുത്തറുത്തു കൊല്ലുകയും സുഹൃത്ത്‌ നൗഷാദിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തുവെന്ന കേസിന്റെ വിചാരണത്തീയ്യതി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (രണ്ട്‌) ഒക്‌ടോബര്‍ 3ന്‌ പ്രഖ്യാപിക്കും. കേസിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കുമ്പള ബദ്‌രിയ്യ നഗറിലെ അബൂബക്കര്‍ സിദ്ദീഖ്‌ എന്ന മാങ്ങാമുടി സിദ്ദീഖ്‌ (39), പേരാലിലെ ഉമ്മര്‍ ഫാറൂഖ്‌ കെ.എസ്‌ (29), പെര്‍വാഡിലെ സഹീര്‍.എ.ജി (32), പേരാലിലെ നിയാസ്‌ (31), ബംബ്രാണ, ആരിക്കാടിയിലെ ഹരീഷ്‌ (29), മൊഗ്രാല്‍ മാളിയങ്കരയിലെ ലത്തീഫ്‌ (36), റഹ്മത്ത്‌ നഗറിലെ വൈ.എം.ഖലീല്‍, സൂരംബയലിലെ പി.അരുണ്‍ കുമാര്‍ എന്നിവരാണ്‌ കേസിലെ പ്രതികള്‍. 2017 ഏപ്രില്‍ 30ന്‌ വൈകിട്ടാണ്‌ പൊട്ടോരിയിലെ അബ്‌ദുള്‍ സലാം കൊല്ലപ്പെട്ടത്‌. വീടുകയറി മാതാവിനെയും ഭാര്യയെയും അസഭ്യം പറഞ്ഞതാണ്‌ കൊലപാതകത്തിനു പെട്ടെന്നുണ്ടായ കാരണമെങ്കിലും മണല്‍കടത്തുമായി ബന്ധപ്പെട്ടുള്ള കുടിപ്പകയാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നു പറയുന്നു.
പ്രതികളിലൊരാളായ മാങ്ങാമുടി സിദ്ദീഖ്‌ ബി.എം.എസ്‌ പ്രവര്‍ത്തകന്‍ ദയാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. ആ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു. ഉമ്മര്‍ ഫാറൂഖ്‌ ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ കൊലക്കേസിലും പ്രതിയാണ്‌. കൊല്ലപ്പെട്ട അബ്‌ദുള്‍ സലാമും കൊലക്കേസ്‌ പ്രതിയായിരുന്നു.

NO COMMENTS

LEAVE A REPLY