ചീമേനി ജാനകി കൊലക്കേസ്‌: മൃതദേഹത്തിലെ മുറിവു സംബന്ധിച്ച്‌ പൊലീസ്‌ സര്‍ജ്ജന്‍ മൊഴി നല്‍കി

0
8


കാസര്‍കോട്‌: ചീമേനിയിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്തു കൊന്നുവെന്ന കേസിലെ പ്രധാന സാക്ഷിയായ പൊലീസ്‌ സര്‍ജ്ജന്‍ ഡോ.ഗോപാലകൃഷ്‌ണപിള്ളയുടെ സാക്ഷി വിസ്‌താരം കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ പൂര്‍ത്തിയായി. 3-ാം പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം, പുഴയില്‍ നിന്നു കണ്ടെടുത്ത കത്തി ഉപയോഗിച്ച്‌ ജാനകിയുടെ മൃതദേഹത്തില്‍ കണ്ടതു പോലുള്ള മുറിവുണ്ടാക്കാന്‍ സാധ്യമാണെന്ന്‌ പൊലീസ്‌ സര്‍ജ്ജന്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ ഡി.അജിത്‌ കുമാര്‍ മുമ്പാകെ മൊഴി നല്‍കി. ഇന്നലെയാണ്‌ പൊലീസ്‌ സര്‍ജ്ജന്റെ സാക്ഷി വിസ്‌താരം പൂര്‍ത്തിയായത്‌. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.അമല്‍, തൃക്കരിപ്പൂര്‍ ഗവ.ആശുപത്രിയിലെ ഡോ.ടിട്ടു ദേവദാസ്‌, രേഖ, തളിപ്പറമ്പ്‌ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന മുന്‍സിപ്പല്‍ എഞ്ചിനീയര്‍ പി.ബിജു, കാസര്‍കോട്‌ സൈബര്‍സെല്‍ പൊലീസ്‌ ശിവകുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം വിസ്‌തരിച്ചു. കേസില്‍ ആകെ 164 സാക്ഷികളുണ്ട്‌. ഇതില്‍ 80 സാക്ഷികളെ ഇതിനോടകം വിസ്‌തരിച്ചു. 106 രേഖകള്‍ തെളിവിലേക്കായി കോടതി സ്വീകരിച്ചു. 54 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കപ്പെട്ടു. ചീമേനി പുലിയന്നൂര്‍ സ്‌കൂളിനു സമീപത്തെ റിട്ട. അധ്യാപികയായ പി.വി.ജാനകി (60), 2017 ഡിസംബര്‍ 14നു രാത്രി 9 മണിയോടെയാണ്‌ ദാരുണമായി കൊലപ്പെട്ടത്‌. ചീമേനി, ചീര്‍ക്കളം, പുലിയന്നൂരിലെ വി.വി.വൈശാഖ്‌ (27), പുലിയന്നൂരിലെ ടി.മനീഷ്‌, അരുണ്‍ കുമാര്‍ (25) എന്നിവരാണ്‌ കേസിലെ പ്രതികള്‍. അന്നത്തെ ഹൊസ്‌ദുര്‍ഗ്ഗ്‌ ഡി.വൈ.എസ്‌.പി കെ.ദാമോദരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്‌.പി ആയിരുന്ന പ്രദീപ്‌ കുമാര്‍, അബ്‌ദുള്‍ റഹീം എന്നിവരടങ്ങുന്ന 25 അംഗ സ്‌പെഷ്യല്‍ ടീമാണ്‌ കേസന്വേഷിച്ച്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്‌. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി.ജയരാജന്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായി.

NO COMMENTS

LEAVE A REPLY