ചെക്കുപോസ്റ്റും എയ്‌ഡ്‌ പോസ്റ്റും നോക്കുകുത്തി; മലയോരത്ത്‌ മദ്യക്കടത്ത്‌ വ്യാപകം

0
6


കാഞ്ഞങ്ങാട്‌: ചെക്ക്‌ പോസ്റ്റും പൊലീസ്‌ എയ്‌ഡ്‌ പോസ്റ്റും നോക്കു കുത്തിയായി. മലയോരത്തേക്ക്‌ കര്‍ണാടക മദ്യക്കടത്തു വ്യാപകമായി.മലയോര പ്രദേശങ്ങളായ രാജപുരം. കള്ളാര്‍, കാലിച്ചാനടുക്കം, ചിറ്റാരിക്കാല്‍, പാണത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കാണ്‌ ഓണം സ്‌പെഷ്യല്‍ മദ്യം ഒഴുകുന്നത്‌. കര്‍ണ്ണാടകയില്‍ നിന്നു കടത്തുന്ന മദ്യം വാങ്ങാന്‍ ഇവിടങ്ങളില്‍ ഇരട്ടിയിലധികം വിലക്കു ഉപഭോക്താക്കള്‍ ചാടി വീഴുന്നു.
പാണത്തൂര്‍ ചേമ്പേരിയില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിക്കടുത്ത്‌ ചെക്ക്‌ പോസ്റ്റ്‌ ഉണ്ടെങ്കിലും, ഇതുവഴി കടന്നു വരുന്ന വാഹനങ്ങള്‍ പരിശോധനക്ക്‌ വിധേയമാക്കാതെ കടത്തി വിടുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. ചെക്ക്‌ പോസ്റ്റ്‌ അധികൃതരും മദ്യക്കടത്തിന്‌ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌.
പാണത്തൂരിലുള്ള രാജപുരം പൊലീസിന്റെ എയ്‌ഡ്‌ പോസ്റ്റിലും കര്‍ണ്ണാടക മദ്യത്തോടു ഉദാര സമീപനമാണെന്നും ആക്ഷേപമുണ്ട്‌. എയ്‌ഡ്‌ പോസ്റ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും പരിശോധനയൊന്നുമില്ലെന്നാണ്‌ ആക്ഷേപം.
ഇത്തരത്തില്‍ കൊണ്ടുവരുന്ന മദ്യം കാഞ്ഞങ്ങാട്‌ നഗരത്തില്‍ വരെ എത്തുന്നതായി സംസാരമുണ്ട്‌. ഓണക്കാലത്ത്‌ പരിശോധന കര്‍ശനമാക്കിയെന്ന്‌ പറയുന്ന പൊലീസും എക്‌സൈസും വഴിപാട്‌ പോലെ ചിലയിടങ്ങളില്‍ റെയ്‌ഡ്‌ നടത്തി രണ്ടും നാലും പാക്കറ്റുമായി ചിലരെ പിടികൂടുന്നുണ്ടെങ്കിലും കൊമ്പന്‍ സ്രാവുകളെ പേടിച്ചു മാറി നില്‍ക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌.
പാണത്തൂരില്‍ ഇന്നലെ നടന്ന പരിശോധനയില്‍ ഇരുപത്‌ പാക്കറ്റ്‌ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ രാജപുരം പൊലീസ്‌ അറസ്റ്റു ചെയ്‌തു.
കള്ളാര്‍ നീലിമല സ്വദേശി രാമചന്ദ്രനെ (50)യാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ അധികൃതര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY