എന്‍ ഐ എ ഉദ്യോഗസ്ഥരെന്ന വ്യാജേന ലോഡ്‌ജില്‍ തങ്ങിയ 9 അംഗ സംഘം അറസ്റ്റില്‍

0
22


മംഗ്‌ളൂരു: ദേശീയ അന്വേഷണ ഏജന്‍സിയുടെ സ്റ്റിക്കര്‍ പതിച്ച വാഹനത്തിലെത്തിയ മലയാളിയടക്കമുള്ള ഒന്‍പതംഗസംഘത്തെ കദ്രി പൊലീസ്‌ അറസ്റ്റു ചെയ്‌തു. സംഘത്തില്‍ നിന്നു തോക്കുകള്‍ കണ്ടെടുത്തു. മംഗ്‌ളൂരു, പമ്പുവെല്ലിനു സമീപത്തെ ഒരു ലോഡ്‌ജില്‍ നടത്തിയ റെയ്‌ഡിലാണ്‌ സംഘം പിടിയിലായത്‌. ഇവരില്‍ മലയാളിയായ സാം പീറ്ററും ഉള്‍പ്പെടുന്നു. സംഘത്തിലെ നാലുപേര്‍ക്കു കൂടി മലയാളം സംസാരിക്കാന്‍ അറിയാം. ഇവര്‍ മടിക്കേരി, കുടക്‌ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നു സംശയിക്കുന്നു. മറ്റു നാലു പേര്‍ മംഗ്‌ളൂരുവിലും കര്‍ണ്ണാടകയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ളവരാണ്‌.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ ഡയറക്‌ടര്‍ എന്ന പേരിലാണ്‌ സംഘം ലോഡ്‌ജില്‍ മുറിയെടുത്തിരുന്നത്‌. സംഘം സഞ്ചരിച്ചിരുന്ന കാറില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ പേരിലുള്ള സ്റ്റിക്കര്‍ പതിച്ച നിലയിലും കണ്ടെത്തി.
മംഗ്‌ളൂരുവിലെ ഏതോ സമ്പന്നനെ തട്ടികൊണ്ടുപോയി പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സംഘം എത്തിയതെന്നു സംശയിക്കുന്നു. ഇതേ കുറിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നു പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY