മലപ്പുറം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല; അഡൂരിലെ കടയില്‍ നിന്നു പുതിയ സിം കാര്‍ഡ്‌ വാങ്ങിയതിനെക്കുറിച്ച്‌ അന്വേഷണം

0
18


മുള്ളേരിയ: മലപ്പുറം സ്വദേശിയായ യുവാവിനെ അഡൂരിലെ പണി തീരാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞില്ല. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ്‌ മരണം നടന്നതെന്നാണ്‌ വ്യക്തമായത്‌. കഴുത്തിലും വയറിലും ചുറ്റിയ നൈലോണ്‍ കയര്‍ സ്വന്തം കൈകൊണ്ടു വലിച്ചാല്‍ ഇത്തരത്തിലുള്ള മരണം നടക്കുമെന്ന്‌ പൊലീസ്‌ സര്‍ജന്‍ ഡോ.കെ ഗോപാലകൃഷ്‌ണ പിള്ള വ്യക്തമാക്കി. ഡോക്‌ടറുടെ ഈ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യയെന്ന നിലയ്‌ക്കാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. മലപ്പുറം, കല്‍പകഞ്ചേരി, കുര്‍ക്കൂര്‍, ഓട്ടുകരപ്പുറത്തെ അബ്‌ദുള്‍ ലത്തീഫി (45)നെ ഈ മാസം 13ന്‌ ആണ്‌ അഡൂര്‍, ഇറുഞ്ചിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില വീട്ടിനകത്ത്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. അഴുകി തുടങ്ങിയ മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയിലാണ്‌ കാണപ്പെട്ടത്‌.ആദൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ടത്‌ വളവന്നൂര്‍ സഹകരണ ബാങ്കിന്റെ പിഗ്മി കലക്‌ടര്‍ അബ്‌ദുള്‍ ലത്തീഫ്‌ ആണെന്ന്‌ തിരിച്ചറിയുകയായിരുന്നു.ഇയാളെ കാണാതായത്‌ സംബന്ധിച്ച്‌ കല്‍പകഞ്ചേരി പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌. ഈ മാസം ഏഴിന്‌ രാവിലെ ജോലിക്കു പോകുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിയ ലത്തീഫ്‌ ബാങ്കില്‍ പോകാതെ കാസര്‍കോട്ട്‌ എത്തുകയായിരുന്നുവെന്ന്‌ സംശയിക്കുന്നു. അന്ന്‌ കാസര്‍കോട്ടെത്തിയ അബ്‌ദുള്‍ ലത്തീഫ്‌ പുതിയ ബസ്‌സ്റ്റാന്റിലെ ഒരു ലോഡ്‌ജില്‍ എത്തിയിരുന്നതായും മുറിയെടുത്തിരുന്നതായും പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. അല്‍പ്പ സമയത്തിന്‌ ശേഷം താക്കോല്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച ശേഷം വരാമെന്ന്‌ പറഞ്ഞുപോയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ലോഡ്‌ജ്‌ ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുമെന്നും പൊലീസ്‌ വ്യക്തമാക്കി. പിന്നീട്‌ പുതിയ ബസ്‌സ്റ്റാന്റിലെത്തി ഒരു സ്വകാര്യ ബസില്‍ കയറി അഡൂരിലെത്തിയതായും വ്യക്തമായിട്ടുണ്ട്‌. അന്നു തന്നെ അഡൂര്‍ ടൗണിലെ ഒരു ഷോപ്പില്‍ നിന്നു പുതിയ സിം കാര്‍ഡ്‌ എടുത്തതായും കണ്ടെത്തി. പിന്നീട്‌ ലത്തീഫ്‌ കാസര്‍കോട്ടേക്ക്‌ തിരിച്ചുവെന്നും രാത്രിയില്‍ ലത്തീഫിനെ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ പലരും കണ്ടിരുന്നതായും പൊലീസ്‌ വ്യക്തമാക്കി.
പിറ്റേ ദിവസം മറ്റൊരു ബസില്‍ കയറിയാണ്‌ അബ്‌ദുള്‍ ലത്തീഫ്‌ അഡൂരില്‍ എത്തിയത്‌. യാത്ര ചെയ്‌ത ബസിന്റെ കണ്ടക്‌ടറെ കണ്ടെത്തി പൊലീസ്‌ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്‌. രണ്ടാമത്തെ യാത്രയില്‍ അഡൂരിലെ ഒരു കടയില്‍ നിന്നു നൈലോണ്‍ കയല്‍ വാങ്ങിയതായി കടയുടമയും പൊലീസിന്‌ മൊഴി നല്‍കി. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട്‌ തവണ അപരിചതനായ ഒരാള്‍ അഡൂരില്‍ എത്തുകയും പുതിയ സിംകാര്‍ഡ്‌ വാങ്ങിയതും ദുരൂഹത ഉയര്‍ത്തുന്നതായി പൊലീസ്‌ പറഞ്ഞു. പുതുതായി സിംകാര്‍ഡ്‌ എടുത്തതിനെ കുറിച്ചും അതില്‍ നിന്ന്‌ ആരെയൊക്കെയാണ്‌ വിളിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അന്വേഷണ സംഘം.

NO COMMENTS

LEAVE A REPLY