അഴിമതി; വാട്‌സ്‌ആപ്പ്‌ പ്രചരണം: മുസ്ലീംലീഗ്‌ നേതാക്കന്മാര്‍ നിയമ പോരാട്ടത്തിലേക്ക്‌

0
19


കാസര്‍കോട്‌: വാട്‌സ്‌ആപ്പിലെ അപകീര്‍ത്തികരമായ സന്ദേശം മുസ്ലീംലീഗ്‌ നേതാക്കന്മാര്‍ തമ്മിലുള്ള നിയമയുദ്ധത്തിനു വഴിവച്ചു.
മുസ്ലീംലീഗ്‌ മുനിസിപ്പല്‍ കമ്മിറ്റി വൈസ്‌ പ്രസിഡണ്ടും ജില്ലാ കൗണ്‍സിലറുമായ തെരുവത്തെ കെ.എം.ബഷീര്‍, സഹോദരനും ലീഗ്‌ നേതാവും മുനിസിപ്പല്‍ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ കെ.എം.അബ്‌ദുള്‍ റഹിമാന്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണ മുന്നയിച്ചുകൊണ്ടു കഴിഞ്ഞ ജൂലൈ 27ന്‌ പ്രചരിച്ച വാട്‌സ്‌ആപ്പ്‌ സന്ദേശമാണ്‌ നിയമ നടപടിയിലെത്തിയത്‌. മുസ്ലീംലീഗ്‌ നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ള ആളും പ്രവാസിയുമായ മജീദ്‌ തെരുവത്തിന്റെ ഫോണില്‍ നിന്നാണ്‌ ബഷീറിന്‌ അപകീര്‍ത്തികരമായ സന്ദേശം ലഭിച്ചതെന്നു പറയുന്നു. മജീദിന്‌ ഈ സന്ദേശം നല്‍കിയതാരാണെന്ന്‌ ബഷീര്‍ ആരാഞ്ഞെങ്കിലും മറുപടി നല്‍കാന്‍ മജീദ്‌ തയ്യാറായില്ലെന്നു ബഷീര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നു ബഷീര്‍ പൊലീസില്‍ പരാതിയുമായി എത്തിയെങ്കിലും കോടതി നിര്‍ദ്ദേശമില്ലാതെ കേസെടുക്കാനാവില്ലെന്നു പൊലീസ്‌ അറിയിക്കുകയായിരുന്നെന്നു ബഷീര്‍ പറഞ്ഞു. അതിനെത്തുടര്‍ന്നു ബഷീര്‍ കോടതിയെ സമീപിച്ചു.
കോടതി നിര്‍ദ്ദേശപ്രകാരം മജീദ്‌ തെരുവത്തിനെതിരെ പൊലീസ്‌ കേസെടുത്തു. മുസ്ലീംലീഗിന്റെ ജില്ലയിലെ ഒരു പ്രമുഖ നേതാവാണ്‌ തനിക്ക്‌ വിവാദ വാര്‍ത്ത ഫോര്‍വേഡ്‌ ചെയ്‌തതെന്നു മജീദ്‌ പൊലീസിനെ അറിയിച്ചതായി പറയുന്നു. പൊലീസ്‌ അന്വേഷണം തുടരുന്നു.

NO COMMENTS

LEAVE A REPLY