കടപുഴകി വീണ മരം നീക്കിയില്ല; വിദ്യാനഗര്‍ ജംഗ്‌ഷനില്‍ ബസ്‌ യാത്രക്കാര്‍ ദുരിതത്തില്‍

0
5


കാസര്‍കോട്‌: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ കടപുഴകി വീണ കൂറ്റന്‍ മരം മാറ്റാത്തത്‌ ബസ്‌ യാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു. വിദ്യാനഗര്‍, മായിപ്പാടി ജംഗ്‌ഷനില്‍ ദേശീയ പാതയോരത്തെ മരമാണ്‌ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ കടപുഴകി വീണത്‌. അപകട സമയത്ത്‌ ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ ആരും സ്ഥലത്ത്‌ ഉണ്ടാകാതിരുന്നതിനാലാണ്‌ വലിയ ദുരന്തം ഒഴിവായത്‌. അപകടത്തില്‍പ്പെട്ട മരം റോഡില്‍ നിന്നു മുറിച്ചുമാറ്റിയെങ്കിലും ആള്‍ക്കാര്‍ ബസിനു കാത്തു നില്‍ക്കുന്ന സ്ഥലത്താണ്‌ കൂട്ടിയിട്ടിട്ടുള്ളത്‌. ഇതു കാരണം ആള്‍ക്കാര്‍ റോഡിലാണ്‌ പലപ്പോഴും ബസിനു കാത്തു നില്‍ക്കുന്നത്‌. സ്ഥത്ത്‌ ന്യൂസ്‌ സ്റ്റാള്‍ അടക്കം ഏതാനും പെട്ടിക്കടകളും പ്രവര്‍ത്തിക്കുന്നുണ്ട്‌.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസിലേയ്‌ക്കുള്ള വഴിയും ഇവിടെയാണ്‌. ബദിയഡുക്ക, കരിമ്പിലയില്‍ മണ്ണിടിഞ്ഞതിനാല്‍ പുത്തൂരിലേയ്‌ക്കുള്ള ബസുകള്‍ ഇപ്പോള്‍ മായിപ്പാടി റോഡിലൂടെയാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. ഇതോടെ വിദ്യാനഗര്‍ – മായിപ്പാടി റോഡ്‌ ജംഗ്‌ഷനില്‍ ബസിനു കാത്തു നില്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY