ചന്ദ്രഗിരിയും തേജസ്വിനിയും കരകവിഞ്ഞു

0
13


കാസര്‍കോട്‌: കനത്ത മഴയെ തുടര്‍ന്ന്‌ കാസര്‍കോട്‌ ജില്ലയില്‍ വെള്ളപൊക്കവും നാശ നഷ്‌ടവും തുടരുന്നു. ജില്ലയിലെ പ്രധാന പുഴകളായ തേജസ്വിനി, ചന്ദ്രഗിരി, കാര്യങ്കോട്‌, പയസ്വിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടലാക്രമണവും രൂക്ഷമായി തുടരുന്നു.
തേജസ്വിനി പുഴ പലയിടത്തും കരകവിഞ്ഞൊഴുകുന്നു. കാര്യങ്കോട്ടാണ്‌ ഏറ്റവും വലിയ പ്രളയം അനുഭവപ്പെടുന്നത്‌. ചാത്തമത്ത്‌, കാര്യങ്കോട്‌, പൊടോതുരുത്തി എന്നിവിടങ്ങളില്‍ 400 കുടുംബങ്ങളെ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലും പാലാത്തടം വി കെ രാജന്‍ സ്‌മാരക ക്യാമ്പസിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക്‌ മാറ്റി പാര്‍പ്പിച്ചു. ഇതിനു പുറമെ ജില്ലയില്‍ ആറു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 167 കുടുംബങ്ങളെ അവിടങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. നൂറിലേറെ വീടുകള്‍ ഏതാണ്ട്‌ പൂര്‍ണ്ണമായും വെള്ളം കയറിയ നിലയിലാണ്‌. കവുങ്ങും തെങ്ങും വീണ്‌ പത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.പൊലീസ്‌, ഫയര്‍ഫോഴ്‌സ്‌, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ ദുരിത ബാധിതരെ തോണികളിലും മറ്റും രക്ഷപ്പെടുത്തി ക്യാമ്പുകളിലേയ്‌ക്ക്‌ മാറ്റി കൊണ്ടിരിക്കുന്നത്‌.കാര്യങ്കോട്‌ പുഴയിലെ ജലനിരപ്പ്‌ അനുനിമിഷം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ കടലിനോട്‌ ചേര്‍ന്നുള്ള മാടക്കാല്‍ ദ്വീപ്‌ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. നൂറുകണക്കിനു കുടുംബങ്ങളാണ്‌ ദ്വീപിലുള്ളത്‌.

NO COMMENTS

LEAVE A REPLY