കേരളം വീണ്ടും പ്രളയ ഭീതിയില്‍

0
11


തിരു: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുന്നു. ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും വന്‍ നാശം. സംസ്ഥാനത്തെ നദികളിലെല്ലാം ജല നിരപ്പ്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. പ്രളയ ഭീതി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു കൂടുതല്‍ കേന്ദ്ര ദുരന്ത നിവാരണ സേനയെ ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
കണ്ണൂര്‍, ജില്ലയിലെ കൊട്ടിയൂരില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായി. 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വളപ്പട്ടണം പുഴ 12 വര്‍ഷത്തിനു ശേഷം ഇതാദ്യമായി കര കവിഞ്ഞു. നിരവധി വീടുകളും കടകളുടെ ഒന്നാം നിലയും വെള്ളത്തിനടിയിലായി. പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ വെള്ളം കയറിയത്‌. തിരുവപ്പന വെള്ളാട്ടം വേഗത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിച്ചു. ക്ഷേത്രത്തിലെത്തിയ കുട്ടികളും സ്‌ത്രീകളുമടക്കമുള്ള നൂറോളം പേരെ തോണികളില്‍ രക്ഷപ്പെടുത്തി. ക്ഷേത്രവും സമീപത്തെ നിരവധി കടകളും വെള്ളത്തിനടിയിലാണ്‌.അട്ടപ്പാടിയില്‍ വീടിനു മുകളില്‍ മരം കടപുഴകി വീണു ഉറങ്ങി കിടക്കുകയായിരുന്ന സ്‌ത്രീ മരിച്ചു. ക്ലാര (50)യാണ്‌ മരിച്ചത്‌. വയനാട്‌, പനമരത്ത്‌ വെള്ളം കയറിയ വീട്ടില്‍ നിന്നു മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമത്തിനിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു. കക്കയം ഡാം സൈറ്റില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായി. കോഴിക്കോട്ട്‌, ചാലിയാര്‍പുഴ കര കവിഞ്ഞു. വീടുകളില്‍ കുടുങ്ങിയവരെ തോണികളില്‍ രക്ഷപ്പെടുത്തി.

NO COMMENTS

LEAVE A REPLY