നിധി തട്ടിപ്പ്‌ അന്വേഷണം കാസര്‍കോട്ടേക്കും; പ്രമുഖരുടെ ലക്ഷങ്ങള്‍ നഷ്‌ടപ്പെട്ടതായി സംശയം

0
9


കാസര്‍കോട്‌: നിധിയായി കിട്ടിയ സ്വര്‍ണ്ണമാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ ജോത്സ്യന്മാരില്‍ നിന്നും മന്ത്രവാദ ചികിത്സ നടത്തുന്ന ഉസ്‌താദുമാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സഘം കാസര്‍കോട്‌ ജില്ലയിലും സമാനമായ തട്ടിപ്പ്‌ നടത്തിയതായി സംശയം. തട്ടിപ്പ്‌ സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍ വന്നു തുടങ്ങിയതോടെയാണ്‌ ഇത്തരമൊരു സംശയം ഉണ്ടായത്‌. എട്ടോളം പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വയനാട്‌, മൂപ്പില്‍ സ്വദേശി സുഹൈല്‍ (48), കോഴിക്കോട്‌, ഫറൂഖിലെ ബഷീര്‍ (58) എന്നിവരാണ്‌ കണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്‌. മറ്റൊരാളെ തെരയുകയാണ്‌. സംഘം അറസ്റ്റിലായതോടെ നിരവധി പേരാണ്‌ തങ്ങളും തട്ടിപ്പിനിരയായതായി കാണിച്ച്‌ പൊലീസിനെ സമീപിച്ചിട്ടുള്ളത്‌. പിത്തളയില്‍ സ്വര്‍ണ്ണം പൂശിയാണ്‌ സംഘം തട്ടിപ്പ്‌ നടത്തിയത്‌. നിധിയായി കിട്ടിയ സ്വര്‍ണ്ണക്കട്ടി കൈവശം വയ്‌ക്കുന്നതു പലതരത്തിലുമുള്ള പ്രയാസങ്ങള്‍ക്ക്‌ ഇടയാക്കുന്നുവെന്നു പറഞ്ഞ്‌ ജ്യോത്സന്മാരെയും ഉസ്‌താദുമാരെയും സമീപിക്കുകയാണ്‌ തട്ടിപ്പിന്റെ തുടക്കം. ആള്‍ വീഴുമെന്നു ഉറപ്പായാല്‍ സ്വര്‍ണ്ണക്കട്ടിയുടെ മാറ്റ്‌ ഉറപ്പാക്കുന്നതിനു ആവശ്യക്കാരന്റെ മുന്നില്‍ നിന്നു ചുരണ്ടും. വിശദമായി പരിശോധിക്കാന്‍ ആവശ്യക്കാരനെയും കൂട്ടി, സ്വര്‍ണ്ണപ്പൊടിയുമായി ജ്വല്ലറിയിലേക്കു പോകും. ഇതിനിടയില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണപ്പൊടി തന്ത്രത്തില്‍ എടുത്തു വയ്‌ക്കും. ജ്വല്ലറിയില്‍ നടത്തുന്ന പരിശോധനയില്‍ പൊടി സ്വര്‍ണ്ണമാണെന്നു സ്ഥിരീകരിക്കും. ഇതോടെ ആവശ്യക്കാരനു വിശ്വാസവും വരും. തുടര്‍ന്നാണ്‌ പത്തുമുതല്‍ 20 ലക്ഷം രൂപ വരെ നല്‍കി നിധി സ്വന്തമാക്കുന്നത്‌. പിന്നീടാണ്‌ പലര്‍ക്കും തട്ടിപ്പിനു ഇരയായെന്ന കാര്യം മനസ്സിലായത്‌. ഇത്തരത്തില്‍ എട്ടുപേരില്‍ നിന്നെങ്കിലും സംഘം ലക്ഷങ്ങള്‍ തട്ടിയതായുള്ള പരാതി പൊലീസില്‍ എത്തിയിട്ടുണ്ട്‌. പലരും മാനഹാനി ഭയന്ന്‌ വിവരം പറഞ്ഞിരുന്നില്ല. തട്ടിപ്പിനു ഇരയായ ജ്യോത്സ്യന്മാരില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തോടെയാണ്‌ സംഭവം ചര്‍ച്ചയായത്‌.കാസര്‍കോട്‌ ജില്ലയിലും സമാനരീതിയിലുള്ള തട്ടിപ്പ്‌ നടത്തിയിട്ടുണ്ടാകാമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌.

NO COMMENTS

LEAVE A REPLY