പൈവളിഗെ സ്വദേശിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്‌; സയനൈഡ്‌ മോഹനന്‍ കുറ്റക്കാരനാണെന്ന്‌ കോടതി

0
20


മംഗ്‌ളൂരു: വിവാഹ വാഗ്‌ദാനം നല്‍കി കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പൈവളിഗെ സ്വദേശിനിയായ 26 കാരിയെ സയനൈഡ്‌ ഗുളിക നല്‍കി കൊലപ്പെടുത്തിയ കേസില്‍ കായികാധ്യാപകനെ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി. കന്യാന സ്വദേശിയും കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പില്‍ കായികാധ്യാപകനുമായിരുന്ന മോഹനന്‍ എന്ന സയനൈഡ്‌ മോഹനനെയാണ്‌ മംഗ്‌ളൂരു അഡീഷണല്‍ സെഷന്‍സ്‌ കോടതി (ആറ്‌) കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. പ്രതിക്കുള്ള ശിക്ഷ ഈ മാസം 18ന്‌ വിധിക്കും. സമാന രീതിയില്‍ ഇരുപതോളം യുവതികളെ കൊലപ്പെടുത്തിയ കേസില്‍ 2019 ല്‍ അറസ്റ്റിലായ മോഹനന്‍ ഇപ്പോഴും ജയിലിലാണ്‌. ബളഗാവി ജയിലില്‍ കഴിയുന്ന ഇയാളെ വീഡിയോ കോണ്‍ഫ്രന്‍സ്‌ സംവിധാനത്തിലൂടെയാണ്‌ വിചാരണ നടത്തിയത്‌. ഇരുപതു കേസുകളില്‍ 15 എണ്ണത്തിലും മോഹനനെ കോടതി ശിക്ഷിച്ചിരുന്നു. 2006 മാര്‍ച്ച്‌ 20ന്‌ ആണ്‌ പൈവളിഗെ സ്വദേശിനിയായ 26 കാരി മടിക്കേരി കെ എസ്‌ ആര്‍ ടി സി ബസ്‌സ്റ്റാന്റിനകത്തെ ശുചിമുറിയില്‍ കൊല്ലപ്പെട്ടത്‌. വിവാഹ വാഗ്‌ദാനം നല്‍കി ലോഡ്‌ജില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സയനൈഡ്‌ ഗുളിക നല്‍കി കൊലപ്പെടുത്തിയെന്നാണ്‌ പൊലീസ്‌ കേസ്‌. കൊലപാതകം, വിഷം നല്‍കല്‍, സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ്‌ മോഹനനെതിരെ ചുമത്തിയിരുന്നത്‌.

NO COMMENTS

LEAVE A REPLY