കാഞ്ഞങ്ങാട്ടെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്‌ടാവിനെ തെരയുന്നു

0
12


കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ടെ വീടുകളിലും കടകളിലും കവര്‍ച്ച നടത്തിയത്‌ കുപ്രസിദ്ധ മോഷ്‌ടാവാണെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞു. സി സി ടി വി ക്യാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ്‌ നേരത്തെ നിരവധി കവര്‍ച്ചാ കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവിന്റെ രൂപ സാദൃശ്യമുള്ളയാളെ കണ്ടത്‌. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ഊര്‍ജ്ജിതമാക്കി. ഐങ്ങോത്ത്‌ പെട്രോള്‍ പമ്പിന്‌ എതിര്‍വശത്തെ പരേതനായ തങ്കച്ചന്റെ കുന്നത്ത്‌ മറ്റത്തില്‍ വീട്‌, തൊട്ടടുത്ത റിട്ട.എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എന്‍ ബി പത്മനാഭന്റെ വീട്‌, കാഞ്ഞങ്ങാട്‌ സൗത്ത്‌ സ്റ്റോപ്പിന്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന നൈപുണ്യം വനിതാ കാന്റീന്‍ എന്നിവിടങ്ങളിലാണ്‌ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്‌.
എന്‍ ബി പത്മനാഭന്റെ വീട്ടിന്റെ മുന്‍വാതില്‍ തകര്‍ത്താണ്‌ മോഷ്‌ടാവ്‌ അകത്ത്‌ കയറിയത്‌. വീടനകത്ത്‌ വിലപ്പെട്ട സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചില വീട്ടുപകരണങ്ങളും, ഇലക്‌ട്രിക്‌ ഉപകരണങ്ങളും കവര്‍ച്ച ചെയ്‌തതായാണ്‌ വിവരം. കാന്റീനില്‍ നിന്ന്‌ പണവും കവര്‍ന്നു.
വീടിന്‌ സമീപത്തുണ്ടായിരുന്ന സി സി ടി വി ക്യാമറാ ദൃശ്യമാണ്‌ പൊലീസ്‌ പരിശോധിച്ചത്‌. ദൃശ്യത്തില്‍ മോഷ്‌ടാവിന്റെ ചിത്രം വ്യക്തമല്ലെങ്കിലും നേരത്തെ നിരവധി കവര്‍ച്ചാക്കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവിന്റെ രൂപ സാദൃശ്യമാണുള്ളതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. കവര്‍ച്ചാക്കേസില്‍ ജയിലില്‍ കഴിഞ്ഞ ഇയാള്‍ ഇപ്പോള്‍ ജയിലിന്‌ പുറത്താണുള്ളതെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായി.
ഇയാള്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗിലും, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലെ മറ്റ്‌ പൊലീസ്‌ സ്റ്റേഷനുകളിലും കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ ഹൊസ്‌ദുര്‍ഗ്ഗില്‍ വീടിന്റെ ഗെയിറ്റ്‌ മോഷ്‌ടിച്ച്‌ ആക്രിക്കടയില്‍ വില്‍പ്പന നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY