സക്കാത്ത്‌ നല്‍കാമെന്ന്‌ പറഞ്ഞു വൃദ്ധന്റെ പണം തട്ടിയ കാസര്‍കോട്‌ സ്വദേശി അറസ്റ്റില്‍

0
15


കാഞ്ഞങ്ങാട്‌: സക്കാത്ത്‌ നല്‍കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി വൃദ്ധന്റെ കൈയില്‍ നിന്നു 18,000 രൂപ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. കാസര്‍കോട്‌, അഡുക്കത്തുബയലിലെ അഹമ്മദ്‌ കുഞ്ഞി (44)യെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ എസ്‌ ഐ ജയപ്രസാദിന്റെ നേതൃത്വത്തില്‍ സി ഡി പാര്‍ട്ടി അറസ്റ്റു ചെയ്‌തത്‌. കൃത്യത്തിനു ഉപയോഗിച്ച ബൈക്കു പൊലീസ്‌ കസ്റ്റഡിയിലെടുത്തു.
ഈ മാസം രണ്ടിന്‌ കാഞ്ഞങ്ങാട്‌, അതിഞ്ഞാലിലാണ്‌ സംഭവം. ആറങ്ങാടി, തോയമ്മലിലെ മുഹമ്മദ്‌ കുഞ്ഞി മുസ്ല്യാര്‍ (75)ആണ്‌ അഹമ്മദ്‌ കുഞ്ഞിയുടെ തട്ടിപ്പിനു ഇരയായത്‌. സക്കാത്ത്‌ വാങ്ങിക്കുന്നതിനായി അതിഞ്ഞാലില്‍ എത്തിയതായിരുന്നു ഇയാള്‍. ഇതിനിടയില്‍ ബൈക്കുമായി എത്തി അഹമ്മദ്‌ കുഞ്ഞി പരാതിക്കാരനെ സമീപിക്കുകയും സക്കാത്ത്‌ നല്‍കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോവുകയും ചെയ്‌തു. ഒരു ഇടവഴിയിലെത്തിയപ്പോള്‍ 2000 രൂപയുടെ ചില്ലറ ചോദിക്കുകയും പേഴ്‌സ്‌ എടുത്തപ്പോള്‍ അതുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ്‌ കേസ്‌. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാറുടെ പരാതി പ്രകാരം ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ പ്രതി അറസ്റ്റിലായത്‌. അതിഞ്ഞാലിലെ വിവിധ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബൈക്ക്‌ തിരിച്ചറിഞ്ഞതോടെയാണ്‌ കേസിനു വഴിത്തിരിവുണ്ടായത്‌. അറസ്റ്റിലായ അഹമ്മദ്‌ കുഞ്ഞിക്കെതിരെ സമാന രീതിയിലുള്ള കുറ്റകൃത്യത്തില്‍ നേരത്തെയും ഏര്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ്‌ പറഞ്ഞു.
പൊലീസ്‌ സംഘത്തില്‍ എ എസ്‌ ഐ ഗോവിന്ദന്‍, അമല്‍, രാമചന്ദ്രന്‍, സുരേഷ്‌ എന്നിവരും ഉണ്ടായിരുന്നു.

 

NO COMMENTS

LEAVE A REPLY