ജന്മനാ കിടപ്പിലായ മക്കളെ തനിച്ചാക്കി പിതാവ്‌ യാത്രയായി

0
12


ബെള്ളൂര്‍: ജന്മനാ കിടപ്പിലായ, എന്റോസള്‍ഫാന്‍ ദുരിതബാധിതരായ സൗമ്യ(22)യ്‌ക്കും അരുണി (18)നും താങ്ങും തണലുമായിരുന്ന പിതാവ്‌ ഗണേശ്‌ റാവു(60) ഉറക്കത്തിനിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കക്കെബെട്ടുവിലെ താമസക്കാരനാണ്‌ ഗണേശ്‌ റാവു. ഭാര്യ സുമിത്രയും എന്റോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു മക്കളുമായിരുന്നു വീട്ടില്‍ താമസം. രണ്ടു മക്കളും ജന്മനാ കിടപ്പിലായിരുന്നു. പൊന്നോമന മക്കളായ രണ്ടു പേരും ഒന്ന്‌ എഴുന്നേറ്റ്‌ നടക്കുന്നതു കാണാന്‍ ഗണേശ്‌ റാവുവും ഭാര്യ സുമിത്രയും നേരാത്ത നേര്‍ച്ചകളോ, പ്രാര്‍ത്ഥനകളോ ഇല്ല. കഴിയാവുന്ന തരത്തിലൊക്കെ വൈദ്യസഹായവും നല്‍കി. എന്നാല്‍ 22 വയസായിട്ടും മകളോ, 18 വയസ്സായിട്ടും മകനോ ഒരിക്കല്‍ പോലും നടന്നു കണ്ടില്ല. ഇരുവരെയും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അച്ഛനും അമ്മയും ചേര്‍ന്നാണ്‌ എടുത്തു കൊണ്ടുപോവുകയായിരുന്നു പതിവ്‌. എന്നാല്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന ഗണേശ്‌ റാവു ഉണര്‍ന്നില്ല. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഗണേശ്‌ റാവുവിന്റെ ആകസ്‌മിക മരണത്തോടെ മക്കളുടെ സംരക്ഷണ ചുമതല പൂര്‍ണ്ണമായും സുമിത്രയുടെ തോളിലായിരിക്കുകയാണ്‌.
കിടക്കപ്പായയില്‍ നിന്നു തനിച്ച്‌ ഒന്ന്‌ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത മക്കളെ തനിച്ചാക്കി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന്‌ അറിയാതെ കണ്ണീരൊഴുക്കുകയാണ്‌ മാതാവ്‌. എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഇടം നേടി സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്‌ ഇരുവര്‍ക്കും. കൃഷിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനമാണ്‌ കുടുംബത്തിന്റെ ഏക ജീവിതമാര്‍ഗ്ഗം. ഗണേശ്‌ റാവുവിന്റെ മരണത്തോടെ ഇനിയെങ്ങിനെ കൃഷി മുന്നോട്ടുകൊണ്ടുപോകുമെന്ന്‌ അറിയാതെ, മക്കളെ മാറോട്‌ ചേര്‍ത്ത്‌ വിങ്ങുകയാണ്‌ മാതാവ്‌ സുമിത്ര.

NO COMMENTS

LEAVE A REPLY