ആദ്യമഴയ്‌ക്കു തന്നെ മത്സ്യമാര്‍ക്കറ്റ്‌ ചെളിക്കുളം

0
9


കാസര്‍കോട്‌:മഴക്കൊപ്പം മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ടൗണിലേക്ക്‌ ഒലിച്ചിറങ്ങുന്നു.മത്സ്യത്തിന്റെ അവശിഷ്‌ടങ്ങളും മത്സ്യമാര്‍ക്കറ്റ്‌ കഴുകിയ വെള്ളവും ആളുകളുടെ വിസര്‍ജ്യങ്ങളുമൊക്കെ മാര്‍ക്കറ്റിനു മുന്നില്‍ കട്ടപിടിച്ചതുപോലെ കെട്ടി നില്‍ക്കുന്നു. മഴ ആരംഭിച്ചതോടെ ഇതു ടൗണിലേക്ക്‌ ഒലിച്ചിറങ്ങുന്നു. മാര്‍ക്കറ്റിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ജൈവ-അജൈവ മാലിന്യങ്ങളില്‍ നിന്നു ദുര്‍ഗന്ധം ഉയരുന്നുണ്ട്‌. മഴ നീണ്ടു നിന്നാല്‍ മത്സ്യാവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ചീഞ്ഞളിഞ്ഞു മാര്‍ക്കറ്റ്‌ റോഡിലും ടൗണിലുമെത്തുമെന്ന്‌ ആശങ്കയുണ്ട്‌.
നൂറ്റമ്പതോളം വനിതാ മത്സ്യത്തൊഴിലാളികള്‍ക്കു ശുചിത്വവും വൃത്തിയുമുള്ള അന്തരീക്ഷത്തില്‍ മത്സ്യവില്‍പ്പന നടത്തുന്നതിനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വന്‍ തുക ഉപയോഗിച്ചു മത്സ്യമാര്‍ക്കറ്റ്‌ പണിഞ്ഞെങ്കിലും അതിനോടനുബന്ധിച്ചു സ്ഥാപിക്കേണ്ടിയിരുന്ന മാലിന്യ സംസ്‌ക്കരണ സംവിധാനവും ശുദ്ധജല വിതരണവും സ്ഥാപിച്ചതുമില്ല. ശുചിത്വമുറി കെട്ടിടം പണിഞ്ഞു ബോഡ്‌ മൊഞ്ചത്തില്‍ പേര്‌ എഴുതിവച്ചിട്ടുണ്ട്‌. അതു അടച്ചുപൂട്ടിയിരിക്കുകയുമാണ്‌. ഇതിനോടു ചേര്‍ന്ന മാര്‍ക്കറ്റിന്റെ അനുബന്ധ കെട്ടിടം സാമൂഹ്യവിരുദ്ധര്‍ക്കു തുറന്നിട്ടിരിക്കുന്നു. ഈ കെട്ടിടത്തിലും പരിസരങ്ങളിലും കെട്ടിടത്തിനു മുകളിലും മദ്യക്കുപ്പികള്‍ കുന്നുകൂടി കിടക്കുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും ഇവിടെ പതിവാണെന്നു തൊഴിലാളികള്‍ പറയുന്നു. മാര്‍ക്കറ്റ്‌ പരിസരത്തു നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നു തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ എന്തു മാര്‍ക്കറ്റ്‌, എന്തു മാലിന്യം എന്ന്‌ അതിശയിക്കുകയാണ്‌ മുനിസിപ്പല്‍ അധികൃതരെന്നു തൊഴിലാളികള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY