കല്യോട്ട്‌ ഇരട്ടക്കൊല: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ ഹൈക്കോടതിയില്‍

0
17


കാസര്‍കോട്‌: പെരിയ, കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ്‌ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്‌ സി ബി ഐയ്‌ക്ക്‌ കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ്‌ കേസ്‌ അന്വേഷണം സി ബി ഐയ്‌ക്ക്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചത്‌.കേസിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം ഏതാനും പ്രതികള്‍ക്കു കൈമാറിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, പ്രതിസ്ഥാനത്തേയ്‌ക്ക്‌ ആരോപിക്കപ്പെട്ടവരാണ്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രധാന സാക്ഷികള്‍. ആരോപണ വിധേയരായ ശാസ്‌താഗംഗാധരന്‍, വത്സരാജ്‌, സി പി എം ബ്രാഞ്ച്‌ സെക്രട്ടറി തുടങ്ങിയവരൊക്കെ കേസിലെ സാക്ഷികളാണ്‌. ഇത്‌ കേസ്‌ അട്ടിമറിക്കാനാണെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രതികള്‍ക്കെതിരെ നല്‍കിയ സാക്ഷിമൊഴികളില്‍ പലതും തിരുത്തിയതായും കോണ്‍ഗ്രസ്‌ ആരോപിക്കുന്നു. ഇതിനിടയിലാണ്‌ കേസ്‌ സി ബി ഐ അന്വേഷിക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കുന്നത്‌. നാടിനെ നടുക്കിയ കേസ്‌ നിയമസഭയില്‍ അടിയന്തിര പ്രമേയമായി അവതരിപ്പിക്കാനുള്ള ശ്രമം പ്രതിപക്ഷവും നടത്തുന്നുണ്ട്‌. കെ സി ജോസഫ്‌ നാളെ പ്രമേയം സഭയില്‍ അവതരിപ്പിക്കുമെന്നാണ്‌ അറിയുന്നത്‌.

NO COMMENTS

LEAVE A REPLY