കരുവളത്തടുക്ക ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ തറയിലൊതുങ്ങി

0
18


കുംബഡാജെ: കരുവളത്തടുക്കയില്‍ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യം തറയിലൊതുങ്ങി. വേനലിലും മഴക്കാലത്തും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ബസ്‌ കാത്ത്‌ നില്‍ക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്നു. നാട്ടുകാരുടെ നിരന്തരമായ മുറവിളിയെത്തുടര്‍ന്നാണ്‌ കരുവളത്തടുക്കയില്‍ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം നിര്‍മ്മിക്കാന്‍ കുംബഡാജെ ഗ്രാമ പഞ്ചായത്ത്‌ രണ്ടു ലക്ഷം രൂപ അനുവദിച്ചത്‌. പഞ്ചായത്തധികൃതര്‍ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കുകയും ചെയ്‌തു. കരാറുകാരന്‍ തകൃതിയില്‍ പണി ആരംഭിക്കുകയും ചെയ്‌തു.അപ്പോഴാണ്‌ പണി തുടങ്ങിയ ബസ്‌ വെയ്‌റ്റിംഗ്‌ഷെഡിനു മുകളില്‍ വൈദ്യുതി ലൈനും ഒരു വലിയ മരത്തിന്റെ കൊമ്പും ഉണ്ടെന്‌ പഞ്ചായത്തധികൃതരും കരാറുകാരനും അറിയുന്നത്‌. പിന്നെ അമാന്തിച്ചില്ല, മരക്കൊമ്പ്‌ മുറിച്ചു മാറ്റുന്നതിന്‌ പൊതുമരാമത്തിന്‌ അപേക്ഷ നല്‍കി. അതിന്റെ അനുമതി കിട്ടുന്നതു കാത്തിരിക്കാതെ വൈദ്യുതി ലൈന്‍ മാറ്റാന്‍ വൈദ്യുതി വകുപ്പിനും പഞ്ചായത്ത്‌ അപേക്ഷ നല്‍കി. വൈദ്യുതി വകുപ്പിന്റെ ആളുകള്‍ സ്ഥലം സന്ദര്‍ശിച്ചു. ലൈന്‍ മാറ്റുന്നതിന്‌ 9000 രൂപ അടക്കാന്‍ പഞ്ചായത്തിനോടു നിര്‍ദ്ദേശിച്ചു. പഞ്ചായത്ത്‌ പണം അടച്ചപ്പോള്‍ 7000 രൂപ കൂടി അടക്കണമെന്നു വൈദ്യുതി ജീവനക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണെന്നു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഫാത്തിമത്ത്‌ സുഹ്‌റ പറഞ്ഞു. ഈ പണം അടക്കാന്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ കൊണ്ട്‌ അനുമതി ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം അവസാനിക്കുന്നതോടെ ഇതിനുള്ള അനുമതി ലഭിക്കുമെന്നും ജൂലൈ അവസാനത്തോടെ കാത്തിരിപ്പ്‌ കേന്ദ്രം പൂര്‍ത്തിയാകുമെന്നും ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ പറയുന്നു.
കരുവളത്തടുക്കയില്‍ മരക്കൊമ്പും, വൈദ്യുതി ലൈനും ഇല്ലാത്ത സ്ഥലമുണ്ടെന്നും ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക്‌ അത്‌ അറിയില്ലേ എന്നും നാട്ടുകാര്‍ ആരായുന്നു.

NO COMMENTS

LEAVE A REPLY