അമ്മയുടെ ക്രൂരതയ്‌ക്ക്‌ ഇരയായ പിഞ്ചുകുഞ്ഞ്‌ മരിച്ചു

0
11


കൊച്ചി: മാതാവിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ്‌ മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ്‌ ജാര്‍ഖ ണ്ഡ്‌ സ്വദേശിനിക്കെതിരെ ഏലൂര്‍ പൊലീസ്‌ കൊലക്കുറ്റത്തിനു കേസെടുത്തു. വധശ്രമക്കേസില്‍ ഇന്നലെ അറസ്റ്റിലായ മാതാവിനെ റിമാന്റ്‌ ചെയ്‌തിരുന്നു.
ഒരു മാസത്തിനിടയില്‍ സ്വന്തം വീട്ടില്‍ മര്‍ദ്ദനത്തിനു ഇരയായി കുട്ടി മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണ്‌ ഇന്നുണ്ടായത്‌. പരുക്കേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യം വലിയ വെല്ലുവിളിയാണെന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ വിദഗ്‌ദ്ധ വൈദ്യ സംഘം ഇന്നലെ വിലയിരുത്തിയിരുന്നു.
തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകനെ ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 1.45നാണ്‌ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കുഞ്ഞിന്റെ അമ്മയാണ്‌ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചതെന്ന്‌ കണ്ടെത്തിയത്‌.
ഏണിപ്പടിയില്‍ നിന്നു വീണു പരിക്കേറ്റുവെന്നാണ്‌ ആശുപത്രിയില്‍ ആദ്യം രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്‌. പൊലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ അനുസരണക്കേടു കാട്ടിയതിനു തല്ലിയെന്നാണ്‌ അമ്മ പറഞ്ഞത്‌. ശരീരത്തിലെ പല ഭാഗത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്‌. തലയ്‌ക്കകത്തു രക്തസ്രാവവുമുണ്ടായി.

NO COMMENTS

LEAVE A REPLY