ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; പ്രതിയെ തിരിച്ചറിഞ്ഞു

0
13


കാസര്‍കോട്‌: പട്ടാപ്പകല്‍ വാടക വീട്‌ കുത്തിത്തുറന്ന്‌ 15 പവനും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ്‌ പറഞ്ഞു. ഏതാനും ദിവസം മുമ്പ്‌ അടുക്കത്തു ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ രണ്ടാം ക്രോസ്‌ റോഡിലെ ക്വാര്‍ട്ടേഴ്‌സിലാണ്‌ കവര്‍ച്ച നടന്നത്‌. ആദൂര്‍, പരപ്പ സ്വദേശിനി റുഖിയയും മക്കളും താമസിക്കുന്ന മുറിയിലായിരുന്നു കവര്‍ച്ച.
വിവരമറിഞ്ഞെത്തിയ പൊലീസ്‌ സമീപത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മോഷ്‌ടാവെന്നു സംശയിക്കുന്ന ആളുടേതെന്നു കരുതുന്ന ചിത്രം കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ്‌ രണ്ടു ദിവസം മുമ്പ്‌ ഉളിയത്തടുക്കയില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ സ്വിഫ്‌റ്റ്‌ കാര്‍ പൊലീസ്‌ കണ്ടെത്തിയത്‌. ഉടമസ്ഥര്‍ ആരും എത്താത്തതിനെ തുടര്‍ന്ന്‌ പൊലീസ്‌ കാര്‍ കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന്‌ കാറിനകത്തു നടത്തിയ പരിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അന്വേഷണത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു മോഷണം പോയ ഫോണാണെന്നു കണ്ടെത്തി. കാറില്‍ കാണപ്പെട്ട രേഖകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഉടമസ്ഥനെ കണ്ടെത്തിയിട്ടുണ്ട്‌. ഏതാനും ദിവസം മുമ്പ്‌ ഒരാള്‍ക്കു വാടകയ്‌ക്ക്‌ നല്‍കിയതെന്നാണ്‌ ഉടമസ്ഥന്‍ വ്യക്തമാക്കിയതെന്നു പൊലീസ്‌ പറഞ്ഞു.
ഈ കാറിനു ക്വാര്‍ട്ടേഴ്‌സിലെ മോഷണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. മോഷണം പോയ മൊബൈല്‍ കാറില്‍ നിന്നു ലഭിച്ചതാണ്‌ ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്‌.എസ്‌ ഐ ഷാജി, സിവില്‍ പൊലീസ്‌ ഓഫീസര്‍ അബ്‌ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

NO COMMENTS

LEAVE A REPLY