നീലേശ്വരത്തും മടിക്കൈയിലും മാവുങ്കാലിലും വന്‍ തീപ്പിടുത്തം;ലക്ഷങ്ങളുടെ നഷ്‌ടം

0
13


കാഞ്ഞങ്ങാട്‌: നീലേശ്വരത്തും മടിക്കൈയിലും മാവുങ്കാലിലും വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. ഇന്നലെ പുലര്‍ച്ചെ അഞ്ചിനു നീലേശ്വരം മെയിന്‍ബസാറിലാണ്‌ ആദ്യത്തെ അഗ്നി ബാധ ഉണ്ടായത്‌. ആക്രിക്കടയിലാണ്‌ തീപ്പിടുത്തം. കാഞ്ഞങ്ങാട്ടു നിന്നു രണ്ടും തൃക്കരിപ്പൂരില്‍ നിന്നു ഒരു ഫയര്‍ എഞ്ചിനും എത്തിയാണ്‌ തീയണച്ചത്‌.
രാവിലെ ഏഴിനു ചിറപ്പുറത്ത്‌ രാജന്‍, ചന്ദ്രന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള മരമില്ലിലും തീപ്പിടുത്തമുണ്ടായി. ഇവിടെയും ഫയര്‍ഫോഴ്‌സെത്തിയാണ്‌ തീയണച്ചത്‌. 11 മണിയോടെ മടിക്കൈ, അമ്പലത്തുകരയില്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തിനു തീ പിടിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയ്യണച്ചതിനു പിന്നാലെയാണ്‌ ചെറുവത്തൂര്‍, പുതിയകണ്ടം പൊന്മാലത്ത്‌ അഞ്ചേക്കര്‍ കശുമാവിന്‍ തോട്ടത്തിനു തീപിടിച്ചത്‌. ഇവിടെയും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഉച്ചയ്‌ക്ക്‌ 1.30ന്‌ നീലേശ്വരം സെന്റ്‌ പീറ്റേര്‍സ്‌ ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടിതോട്ടം കത്തി നശിച്ചു. വൈകിട്ട്‌ മൂന്നോടെ കാലിച്ചാനടുക്കം, ചാമക്കുഴിയിലും 3.30 മണിയോടെ മടിക്കൈ, ചെമ്പിലോട്ട്‌ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടിതോട്ടത്തിലും തീപിടുത്തമുണ്ടായി.മാവുങ്കാല്‍ ആരതി ബുക്ക്‌ സ്റ്റാളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ്‌ സംഘം മറ്റു സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയതിനാല്‍ നാട്ടുകാരാണ്‌ ബുക്ക്‌സ്റ്റാളിലെ തീയണച്ചത്‌. വിവിധ സ്ഥലങ്ങളില്‍ ലീഡിംഗ്‌ ഫയര്‍മാന്‍ എന്‍ അശോകന്‍ സണ്ണി ഇമ്മാനുവല്‍, സന്തോഷ്‌ കുമാര്‍, പ്രവീണ്‍ പ്രഭാകരന്‍, അനു, ഷിബിന്‍, ഡ്രൈവര്‍ പ്രിയേഷ്‌ എന്നീ ഫയര്‍ഫോഴ്‌സു സംഘം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY