500 കോടിയുടെ മയക്കു മരുന്നുമായി കാസര്‍കോട്‌ സ്വദേശിയും കൂട്ടാളികളും അറസ്റ്റില്‍

0
9


ന്യൂദെല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ 500 കോടിയില്‍ പരം രൂപ വിലമതിക്കുന്ന 100 കിലോ ഹെറോയിനുമായി കാസര്‍കോട്‌ സ്വദേശി ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റില്‍.
കാസര്‍കോട്‌ സ്വദേശി അബ്‌ദുല്‍ സലാം കുഞ്ഞി, അഫ്‌ഗാന്‍ പൗരന്‍ നിയാം ഖാന്‍, ആറ്‌ ഇറാന്‍ പൗരന്മാര്‍ എന്നിവരാണ്‌ ഗുജറാത്തിലെ പോര്‍ബന്തറില്‍ അറസ്റ്റിലായത്‌. ഗുജറാത്ത്‌ പൊലീസിലെ ഭീകര വിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയു ക്ത നീക്കത്തിലൂടെയാണ്‌ വന്‍ മയക്കു മരുന്നു വേട്ട നടത്തിയത്‌. അറസ്റ്റിലായവരില്‍ നിന്നു ഹെറോയിനു പുറമെ അഞ്ചു കിലോ `ക്രിസ്റ്റല്‍ മേട്ട’ എന്ന മയക്കു മരുന്നും പിടികൂടി. പാകിസ്ഥാനില്‍ നിന്നും എത്തിയ മയക്കു മരുന്ന്‌ കപ്പല്‍ മാര്‍ഗ്ഗം സൗദി അറേബ്യയിലേയ്‌ക്കു കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനിടയില്‍ സംഘാംഗങ്ങളില്‍ ഒരാളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ അന്താരാഷ്‌ട്ര ബന്ധമുള്ള ലഹരി കടത്തു സംഘത്തെ കുറിച്ച്‌ വിവരം ലഭിച്ചതെന്നു പൊലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അറസ്റ്റിലായ കാസര്‍കോട്‌ സ്വദേശിയെ സംബന്ധിച്ച്‌ വിശദ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഇതു സംബന്ധിച്ച്‌ കേരള പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അറസ്റ്റിലായ സംഘവുമായി കൂടുതല്‍ മലയാളികള്‍ക്കു ബന്ധം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY