കടവരാന്തയില്‍ അന്തിയുറങ്ങിയ രാമേട്ടന്‍ യാത്രയായി

0
7


കുണ്ടംകുഴി: കുണ്ടംകുഴിയിലെ കടവരാന്തകളില്‍ 23 വര്‍ഷക്കാലം അന്തിയുറങ്ങിയ വെട്ടി രാമന്‍ എന്ന കുഞ്ഞിരാമന്‍ (85), വിഷു ദിനത്തില്‍ യാത്രയായി. കുഞ്ഞിരാമനെ ഇനി കടവരാന്തയില്‍ കാണില്ല.കുണ്ടംകുഴി സ്വദേശികള്‍ക്കു സുപരിചിതനായിരുന്നു കുഞ്ഞിരാമന്‍. വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ജോലിയൊന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ്‌ കുഞ്ഞിരാമന്‍ അവശനായത്‌. മതിയായ പരിചരണമോ, ഭക്ഷണമോ, കിട്ടാതെ മൃതപ്രായനായി കിടന്ന കുഞ്ഞിരാമനെ കുണ്ടംകുഴി സഹൃദയ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ 2013ല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രോഗം ഭേദമായ കുഞ്ഞിരാമനെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തന്നെ പരവനടുക്കം വൃദ്ധമന്ദിരത്തിലെത്തിച്ചു. ആറുവര്‍ഷക്കാലമായി അവിടെ കഴിഞ്ഞ കുഞ്ഞിരാമന്‍ ഉത്സവ കാലങ്ങളിലും വിശേഷ അവസരങ്ങളിലും കുണ്ടംകുഴിയിലെത്തിയിരുന്നു. സഹൃദയ ക്ലബ്ബ്‌ പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു വരവ്‌.അടുത്തിടെ തനിക്ക്‌ കുണ്ടംകുഴിയിലേയ്‌ക്ക്‌ തിരികെ പോകണമെന്ന്‌ കുഞ്ഞിരാമന്‍ വൃദ്ധ സദനം അധികൃതരോട്‌ വാശിപിടിച്ചു. ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ കലക്‌ടറുടെ അനുമതിയോടെ മൂന്നാഴ്‌ച്ച മുമ്പാണ്‌ സഹൃദയ ക്ലബ്ബ്‌ പ്രവര്‍ത്തകരുടെ സഹായത്തോടെ കുണ്ടംകുഴിയില്‍ തിരിച്ചെത്തിയത്‌. ഏതാനും ദിവസം ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞുവെങ്കിലും ദിവസങ്ങള്‍ക്കം കടവരാന്തയിലേയ്‌ക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. ഇന്നലെ വിഷുവായതിനാല്‍ പലരും കുഞ്ഞിരാമേട്ടനു കൈനീട്ടം നല്‍കിയിരുന്നു. സന്തോഷത്തോടെയാണ്‌. ഇവയൊക്കെ സ്വീകരിച്ചത്‌. ഇന്നു രാവിലെയാണ്‌ കുഞ്ഞിരാമനെ അന്തിയുറങ്ങിയ വരാന്തയില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ ബേഡകം പൊലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. മൃതദേഹം പഞ്ചായത്ത്‌ ശ്‌മശാനത്തില്‍ സംസ്‌ക്കരിക്കും.

NO COMMENTS

LEAVE A REPLY