ബോവിക്കാനത്ത്‌ സതീഷ്‌ ചന്ദ്രനും ഉണ്ണിത്താനും തന്ത്രിക്കും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഒരേ കെട്ടിടത്തില്‍ മുട്ടിയുരുമ്മി

0
10


ബോവിക്കാനം: മുളിയാറില്‍ ഇടതു വലതു മുന്നണികളും എന്‍ ഡി എയും തെരഞ്ഞെടുപ്പു ഗോദയില്‍ നടപ്പാക്കേണ്ടുന്ന തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്‌ ഒരേ കെട്ടിടത്തില്‍. തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത്‌ മൂന്നു മുന്നണികളും പോര്‍വിളി തുടരുമ്പോഴുള്ള ഈ കാഴച്ച വോട്ടര്‍ന്മാരില്‍ കൗതുകമുണര്‍ത്തുന്നു.
ബോവിക്കാനം ടൗണില്‍ കാസര്‍കോട്‌ ഭാഗത്തേയ്‌ക്കുള്ള ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ പിറകിലുള്ള കെട്ടിടത്തിലെ ഒരേ നിലയിലാണ്‌ മൂന്നു സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.
നായന്മാര്‍മൂല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആദ്യം ഓഫീസ്‌ തുറന്നത്‌ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടിയാണ്‌. തൊട്ടടുത്ത ദിവസം തന്നെ ഇതേ കെട്ടിടത്തിന്റെ ഇതേ നിലയില്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി കെ പി സതീഷ്‌ ചന്ദ്രന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തുറന്നു. കെട്ടിടത്തിന്റെ ഇരു ഭാഗത്തായി ഇടതു വലതു മുന്നണികള്‍ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകള്‍ തുറന്നതോടെ മറ്റൊരിടം തേടി പോകാതെ എന്‍ ഡി എ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ കെട്ടിടത്തിന്റെ മധ്യഭാഗത്തായി തുറക്കുകയായിരുന്നു. മൂന്നു പ്രധാന സ്ഥാനാര്‍ത്ഥികളുടെയും കട്ടൗട്ടറുകളും വോട്ടഭ്യര്‍ത്ഥനയും ഒരേ കെട്ടിടത്തില്‍ ആരംഭിച്ചതോടെയാണ്‌ വോട്ടര്‍മ്മാര്‍ക്കും യാത്രക്കാര്‍ക്കും കൗതുക കാഴ്‌ച്ചയായത്‌. ചുവരെഴുത്ത്‌ നടത്തിയ മതില്‍ തന്നെ തകര്‍ത്ത സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്‌. ഇതിനിടയിലാണ്‌ മൂന്നു സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ ഒരേ കെട്ടിടത്തില്‍ തൊട്ടടുത്ത്‌ പ്രവര്‍ത്തിക്കുന്ന കാഴ്‌ച്ച ഒരുങ്ങിയത്‌.

NO COMMENTS

LEAVE A REPLY