നീതി കിട്ടുംവരെ പോരാടും; കൂടെയുണ്ടാകുമെന്നും രാഹുലിന്റെ ഉറപ്പ്‌

0
7


പെരിയ: കല്യോട്ട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്‌ നീതികിട്ടുംവരെ കൂടെയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
ഇന്നലെ ഉച്ചക്ക്‌ ശേഷം കൊല്ലപ്പെട്ടവരുടെ വീടുകള്‍ സ ന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇതിന്‌ ശേഷം കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന ജനമഹാറാലി ഉദ്‌ഘാടനം ചെയ്‌തുകൊണ്ടും രാഹുല്‍ ഗാന്ധി ഇക്കാര്യം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും രാഹുല്‍ഗാന്ധി കുടുംബാംഗങ്ങള്‍ക്ക്‌ ഉറപ്പു നല്‍കി. ആദ്യം കൃപേഷിന്റെ വീട്ടിലേക്കാണ്‌ രാഹുല്‍ ഗാന്ധി എത്തിയത്‌. പൊട്ടിക്കരഞ്ഞ കൃപേഷിന്റെ പിതാവ്‌ കൃഷ്‌ണനെ ചേര്‍ത്ത്‌ പിടിച്ചാണ്‌ രാഹുല്‍ഗാന്ധി ഒറ്റമുറി വീട്ടിലേക്ക്‌ കടന്നു വന്നത്‌. കൃപേഷിന്റെ മാതാവിനെയും സഹോദരിമാരെയും ആശ്വസിപ്പിച്ചു. പത്ത്‌ മിനുട്ട്‌ നേരം ഇവിടെ ചെലവഴിച്ച ശേഷമാണ്‌ ശരത്‌ലാലിന്റെ വീട്ടിലേക്ക്‌ പോയത്‌. പിതാവ്‌ സത്യനാരായണനെയും കുടുംബത്തെയും സമാശ്വസിപ്പിച്ച്‌ പുറത്തിറങ്ങിയ രാഹുല്‍ ഗാന്ധി അവിടെ തടിച്ചുകൂടിയ നൂറുകണക്കിന്‌ ആളുകളുടെ അരികിലെത്തി സാധിക്കുന്നവര്‍ക്കെല്ലാം ഹസ്‌തദാനം നല്‍കിയ അദ്ദേഹം ശരത്‌ലാല്‍ കൂടി അംഗമായ വാദ്യകലാസംഘത്തിലെ കലാകാരന്മാരെയും കണ്ടാണ്‌ മടങ്ങിയത്‌.ഇരട്ടക്കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന്‌ സംശയിക്കുന്ന സി പി എം നേതാക്കളുടെ പേരുകള്‍ വ്യക്തമാക്കി കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ സഹോദരിമാര്‍ രാഹുല്‍ഗാന്ധിക്ക്‌ നിവേദനവും നല്‍കി.
എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, മുകുള്‍വാസ്‌നിക്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡി സി സി പ്രസിഡന്റ്‌ ഹക്കീം കുന്നില്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയപ്രസിഡന്റ്‌ കേശവ്‌ ചന്ദ്‌ യാദവ്‌, ഡീന്‍ കുര്യാക്കോസ്‌ എന്നിവരും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY