ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനരികിലെ ശുദ്ധജല സംഭരണി ഉപയോഗശൂന്യമായ നിലയില്‍

0
7


ചെറുവത്തൂര്‍: ലക്ഷക്കണക്കിന്‌ ഘന ലിറ്റര്‍ ശുദ്ധജലം സംഭരിച്ചിരിക്കുന്ന റെയില്‍വേ കുളം കാട്‌കയറിയും ചെളി നിറഞ്ഞും നശിച്ചു കൊണ്ടിരിക്കുന്നു.ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‌ തൊട്ടു കിടക്കുന്ന ജലസംഭരണിയാണ്‌ റെയില്‍വേയുടെ അവഗണനയും പിടിപ്പുകേടും മൂലം ഉപയോഗശൂന്യമായ നിലയില്‍ നിലകൊള്ളുന്നത്‌.മംഗലാപുരത്തേക്കുള്ള റെയില്‍ സര്‍വീസ്‌ ആരംഭിച്ച സമയത്താണ്‌ അന്നത്തെ തീവണ്ടി എഞ്ചിനില്‍ വെള്ളം നിറക്കാനായി റെയില്‍പാളങ്ങളുടെ തൊട്ടു കിഴക്കു ഭാഗത്തായി ഒന്നര ഏക്കറോളം വിസ്‌തീര്‍ണ്ണത്തില്‍ കുളം കുഴിച്ചത്‌.എന്നാല്‍ കരിവണ്ടിക്ക്‌ പകരം ഡീസല്‍ എഞ്ചിന്‍ ആയതോടെ വെള്ളത്തിന്റെ അത്യാവശ്യം ഇല്ലാതാവുകയും കുളവും അനുബന്ധ സംവിധാനവുമൊക്കെ ഉപേക്ഷിക്കുകയുമാണ്‌ ഉണ്ടായത്‌. ശാബ്ദങ്ങളായി ഈ നില തുടരുമ്പോഴും ഈ കുളത്തിലെ ജലസമ്പത്ത്‌ മറ്റു മേഖലകളില്‍ ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. നിലവില്‍ മംഗലാപുരം വഴി സര്‍വ്വീസ്‌ നടത്തുന്ന ട്രെയിനുകളുടെ ബോഗികളുടെ ആവശ്യത്തിനുള്ള വെള്ളം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്‌ നിറക്കുന്നത്‌.ലക്ഷക്കണക്കിന്‌ രൂപ ഈയിനത്തില്‍ വാട്ടര്‍ അതോറിറ്റിക്കായി അടച്ചു വരികയാണ്‌. റെയില്‍വേക്ക്‌ സ്വന്തമായി സമ്പന്നമായ ജലസംഭരണി ഉണ്ടായിട്ടും അത്‌ ഉപയോഗിക്കാതെ ലക്ഷങ്ങള്‍ അനാവശ്യ ചെലവു വരുത്തുന്ന ഇടപാടുകള്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന്‌ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്‌. മാത്രമല്ല ചെറുവത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലടക്കം ഈ കുളത്തിലെ വെള്ളം വിതരണം ചെയ്യാനുള്ള അനുമതിക്കായി പഞ്ചായത്ത്‌ റെയില്‍വേയുമായി ബന്ധപ്പെട്ടുവെങ്കിലും അത്‌ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. ശുദ്ധജല സംഭരണി ഉപയോഗ്യയോഗ്യമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY