രാഹുല്‍ നാളെ കല്യോട്ട്‌; ഇന്നും സുരക്ഷാ പരിശോധന

0
12


പെരിയ: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കല്യോട്ട്‌ എത്തും. വെട്ടേറ്റു മരിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ്‌ അദ്ദേഹം എത്തുന്നത്‌.കെ.പി.സി.സി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുകുള്‍ വാസ്‌നിക്ക്‌, കെ.സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടാകും. ഡി.സി.സി പ്രസിഡണ്ട്‌ അടക്കം 25 കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്‌റ്റര്‍ മാര്‍ഗ്ഗം പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹെലിപാഡില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗ്ഗം കല്യോട്ട്‌ എത്തും. കൊല്ലപ്പെട്ട കൃപേഷ്‌, ശരത്‌ലാല്‍ എന്നിവരുടെ വീടുകളില്‍ അര മണിക്കൂര്‍ വീതം ചെലവഴിക്കും. വൈകിട്ട്‌ കോഴിക്കോട്ട്‌ നടക്കുന്ന മഹാറാലിയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ ഡല്‍ഹിയിലേക്കു മടങ്ങുക. രാഹുലിന്റെ സന്ദര്‍ശനം കണക്കിലെടുത്ത്‌ പെരിയയിലും കല്യോട്ടും വാഹനം കടന്നു പോകുന്ന വഴികളിലും പൊലീസ്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ (എസ്‌.പി.ജി) ഉദ്യോഗസ്ഥര്‍ ഇന്നലെ ഹെലിപാഡ്‌ സന്ദര്‍ശിച്ചു. കല്യോട്ടെ വീടുകളിലുമെത്തി. വാഹനം കടന്നു പോകാന്‍ ബുദ്ധിമുട്ടുള്ളതു കാരണം ശരത്‌ലാലിന്റെ വീട്ടിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന്‌ എസ്‌.പി.ജി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി.തുടര്‍ന്നാണ്‌ ഇരു വീടുകളും സന്ദര്‍ശിക്കാനുള്ള അന്തിമാനുമതി നല്‍കിയത്‌. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇന്നു ഉച്ചകഴിഞ്ഞ്‌ കേന്ദ്ര സര്‍വ്വകലാശാല ഹെലിപാഡില്‍ ഹെലികോപ്‌റ്റര്‍ ഇറക്കി റിഹേഴ്‌സല്‍ നടത്തും. ഹെലിപാഡില്‍ നിന്നു റോഡു മാര്‍ഗ്ഗം കാറുകളും റിഹേഴ്‌സല്‍ നടത്തും.

NO COMMENTS

LEAVE A REPLY